2011 ലോകകപ്പിന് ഇന്ത്യ ഒരുങ്ങുന്ന സമയം. തോളിനേറ്റ പരുക്കിനെ തുടര്‍ന്ന് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലായിരുന്നു രോഹിത്. ലോകകപ്പ് ടീം സെലക്ഷന്റെ സമയമെത്തിയപ്പോഴേക്കും രോഹിത് ഫിറ്റ്നസ് വീണ്ടെടുത്തു. ആ സമയം മധ്യനിര ബാറ്ററായാണ് രോഹിത്തിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ വേദിയാവുന്ന 2011 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രോഹിത് ശര്‍മയ്ക്ക് ആ ടീമില്‍ ഇടം ഉണ്ടായില്ല. ആ തഴയല്‍ തെല്ലൊന്നുമല്ല തന്നെ ഉലച്ചത് എന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രോഹിത് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
അന്ന് ടീമില്‍ ഇടംനേടാനാവാതെ വന്നപ്പോള്‍ പലരും എന്നെ ആശ്വസിപ്പിച്ചു. എന്നാല്‍ എന്റെ ഉള്ളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കും അറിയുന്നുണ്ടായില്ല. ഒരു മാസത്തോളം കടുത്ത വിഷാദാവസ്ഥയിലായിരുന്നു ഞാന്‍. യുവരാജ് സിങ് മാത്രമാണ് എന്റെ അടുത്ത് വന്ന് പുറത്തേക്കെല്ലാം കൂട്ടിക്കൊണ്ടു പോയത്. ലോകകപ്പ് ടൂര്‍ണമെന്റ് കാണേണ്ടതില്ലെന്ന് വരെ ഒരു സമയം ഞാന്‍ തീരുമാനിച്ചിരുന്നു, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജെമിമ റോഡ്രിഗസുമായുള്ള അഭിമുഖത്തില്‍ ഒരിക്കല്‍ രോഹിത് പറഞ്ഞതിങ്ങനെ...
പിയുഷ് ചൗളയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് രോഹിത്തിനെ 2011 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ അന്ന് വന്നിരുന്നു. പരിശീലകന്‍ ഗാരി കിര്‍സ്റ്റണ്‍ രോഹിത്തിന് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ധോനിയുടെ സമീപനം രോഹിത്തിന് എതിരായിരുന്നു എന്നാണ് ഈ സമയം സൂചനകള്‍ പുറത്തുവന്നത്. 2015 ലോകകപ്പിലേക്ക് എത്തിയപ്പോഴേക്കും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത് ഓപ്പണറുടെ സ്ഥാനം ഉറപ്പിച്ചിരുന്നു.2014ലാണ് ശ്രീലങ്കക്കെതിരായ 264 റണ്‍സ് പ്രകടനം വരുന്നത്. ഇതോടെ 2015 ലോകകപ്പില്‍ രോഹിത്തിന്റെ സ്ഥാനത്തിന് ഇളക്കമൊന്നും തട്ടിയിരുന്നില്ല.
ഓസ്ട്രേലിയയും ന്യൂസിലന്‍ഡും വേദിയായ ലോകകപ്പില്‍ 8 ഇന്നിങ്സില്‍ നിന്ന് 330 റണ്‍സ് ആണ് രോഹിത് സ്കോര്‍ ചെയ്തത്. ബംഗ്ലാദേശിന് എതിരായ 137 റണ്‍സ് ഉയര്‍ന്ന സ്കോറും. 2019 ലോകകപ്പിലും ഇന്ത്യ സെമിയില്‍ പുറത്തായെങ്കിലും രോഹിത് തന്റെ റണ്‍വേട്ട തുടര്‍ന്നിരുന്നു, 648 റണ്‍സ് ആണ് കണ്ടെത്തിയത്.
2021ല്‍ കോലി വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞതോടെ ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനുള്ള ദൗത്യം രോഹിത്തിന്റെ കൈകളിലേക്ക് എത്തി. 2011ല്‍ ടീമില്‍ നിന്ന് തഴയപ്പെട്ടിടത്ത് നിന്ന് 2023ലെ ഏകദിന ലോകകപ്പില്‍ നായകനായി നിന്ന് ടീമിനെ ജയിപ്പിച്ച് കയറ്റാന്‍ രോഹിത്തിനായില്ല. എന്നാല്‍ 17 വര്‍ഷത്തെ ഇന്ത്യയുടെ ലോകകപ്പ് കിരീട വരള്‍ച്ച വിന്‍ഡിസ് മണ്ണില്‍ വെച്ച് രോഹിത് അവസാനിപ്പിക്കുന്നു.