ഇന്ത്യയ്ക്ക് വീണ്ടുമൊരു ലോകകിരീടം കൂടി സമ്മാനിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വിരാട് കോലിക്കും രോഹിത് ശർമയക്കും ഹൃദയം തൊടും കുറിപ്പുമായി ഇതിഹാസ താരം സച്ചിൻ തെന്‍ഡുല്‍ക്കര്‍. രാജ്യത്തിന് ലോകകപ്പ് കിരീടം സമ്മാനിക്കാന്‍ നടത്തിയ പരിശ്രമത്തിനും ഇരുവരുടെയും അര്‍പ്പണമനോഭാവത്തിനും നന്ദി അറിയിച്ച സച്ചിന്‍ ഇരുവരുടെയും ഭാവി ശോഭനമാകാന്‍ എല്ലാവിധ ആശംസകളും നേര്‍ന്നു. സമൂഹമാധ്യമമായ എക്സിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് സച്ചിന്‍ കുറിപ്പ് പങ്കുവച്ചത്.
സച്ചിന്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:
'ഉയരത്തില്‍ അവസാനിപ്പിക്കുന്നു'
രോഹിത്, ഭാവിവാഗ്ദാനമായ ഒരു യുവതാരത്തില്‍ നിന്നും ലോകകപ്പ് ജേതാവായ ക്യാപ്റ്റനിലേക്കുളള നിങ്ങളുടെ പരിണാമത്തിന് അടുത്ത് നിന്ന് സാക്ഷ്യം വഹിച്ച ആളാണ് ഞാന്‍. നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയും അസാധാരണമായ കഴിവും രാജ്യത്തിന് അഭിമാനമാണ്. നിങ്ങള്‍ രാജ്യത്തെ നയിച്ചത് ടി20 ലോകകപ്പ് കിരീടത്തിലേക്കാണ്. ഈ വിജയം നിങ്ങളുടെ തിളക്കമാര്‍ന്ന കരിയറിന് മികച്ച പര്യവസാനം തന്നെ നൽകുന്നു. കൊളളാം, രോഹിത്! – സച്ചിന്‍ കുറിച്ചു.
വിരാട് കോലി, നിങ്ങൾ ക്രിക്കറ്റിലെ യഥാർഥ ചാംപ്യനാണ്. ടൂർണമെൻ്റിൽ നിങ്ങൾക്ക് നേരത്തെ ഒരു ദുഷ്‌കരമായ സമയമുണ്ടായിരിക്കാം, എന്നാല്‍ മാന്യന്മാരുടെ കളിയിലെ മഹത്തായ താരങ്ങളിലൊരാളാണ് താനെന്ന് കഴിഞ്ഞ രാത്രിയില്‍ ഒരിക്കല്‍ കൂടി നിങ്ങള്‍ തെളിയിച്ചു. ആറ് ലോകകപ്പുകളിൽ മത്സരിച്ചതും അവസാന മത്സരത്തിൽ വിജയിച്ചതും എനിക്ക് നന്നായി അറിയാവുന്ന ഒരു അനുഭവമാണ്. ലോങ് ഫോർമാറ്റിൽ നിങ്ങൾ ഇന്ത്യയ്ക്കായി മത്സരിച്ച് വിജയങ്ങൾ സ്വന്തമാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു - എന്നും സച്ചിന്‍ കുറിച്ചു.
വിരാടിന്‍റെയും രോഹിത്തിന്‍റെയും വിരമിക്കല്‍ പ്രഖ്യാപനം ക്രിക്കറ്റ് ആരാധകരെ അല്‍പം വിഷമിപ്പിച്ചുവെങ്കിലും പടിയിറങ്ങാന്‍ ഏറ്റവും മികച്ച സമയമാണിതെന്ന് ആരാധകര്‍ പറയുന്നു. അതേസമയം വിരാട് കോലിയും രോഹിത് ശര്‍മയും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യാന്തര ട്വന്‍റി 20യില്‍നിന്ന് രവീന്ദ്ര ജഡേജയും വിരമിക്കല്‍ പ്രഖ്യാപനവുമായെത്തി. ട്വന്‍റി20 ലോകകപ്പ് നേടിയ ടീമില്‍ ഇടംപിടിച്ചത് സ്വപ്ന സാക്ഷാത്കാരമെന്നായിരുന്ന വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം ജഡേജയുടെ പ്രതികരണം.