Virat Kohli

അവസാന പോരാട്ടം രാജകീയമാക്കി കിങ്  കോലിയുടെ വിടവാങ്ങല്‍. കലാശപ്പോരില്‍ രക്ഷകനായി അവതരിച്ച്,  അര്‍ധസെഞ്ചുറിയുമായി  ഇന്ത്യയെ ലോകകപ്പിലേക്ക് നയിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.  സെമിവരെ നിറംമങ്ങിയതിന് കണക്കുതീര്‍ത്ത് 76 റണ്‍സുമായി  കോലി ഇന്ത്യയുടെ നെടുംന്തൂണായി 

ബാര്‍ബഡോസില്‍ ഇന്ത്യയ്ക്കായി ഒരു രക്ഷകന്‍ അവതരിച്ചു. തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ വേണ്ടിയിരുന്നത് വിരാടചരിതമെന്നത് നിയോഗമായിരുന്നിരിക്കാം. അഞ്ചാമോവറില്‍ മൂന്ന് വിക്കറ്റിന് 34 റണ്‍സെന്ന നിലയില്‍ ഇടറിവീഴുമായിരുന്ന ഇന്ത്യയെ അക്സര്‍ പട്ടേലിനൊപ്പം മെല്ലെ പടുത്തുയര്‍ത്തി. 

ഒടുവില്‍ പത്തൊന്‍പതാം ഓവറില്‍ 76 റണ്‍സെടുത്ത് പടിയിറങ്ങുമ്പോള്‍ 163 എന്ന പൊരുതാവുന്ന ടോട്ടലിലെത്തിച്ചിരുന്നു കോലിയെന്ന കരുത്തന്‍. 

കുട്ടിക്രിക്കറ്റില്‍ കിങ്ങാണെന്ന വിളിപ്പേരിനെ അന്വര്‍ഥമാക്കുന്ന മറ്റൊരു പോരാട്ടം. ചെറുപൂരത്തിന് ആരവമൊരുക്കാന്‍ ഇനിയില്ലെന്ന് വിളിച്ചുചൊല്ലിയത് ആരാധകരെ ഞെട്ടിച്ചു. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടവസാനിപ്പിക്കും പോലെ ഒരു വിരാമം. റണ്‍സ് പ്രവാഹത്തിന് ഇനിയും ഇടര്‍ച്ചയുണ്ടാകില്ലെന്ന് ആരാധകര്‍ ഒരായിരം വട്ടം വിശ്വസിക്കുമ്പോഴും പുതുതലമുറയ്ക്കായി വഴിമാറുന്നുവെന്ന് പ്രഖ്യാപനം.

2010 ജൂണ്‍ 12ന് ഹരാരെയില്‍ സിംബാബ്‍വെയ്ക്കെതിരെ തുടങ്ങിയ ട്വന്റി 20 പോരാട്ടം 125 മല്‍സരങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയ്ക്കായി നേടിയത് 4188 റണ്‍സ്. 137 എന്ന കൂറ്റന്‍ സ്ട്രൈക് റേറ്റോടെ ഒരു സെഞ്ചുറിയും 38 അര്‍ധസെഞ്ചുറികളും. കോലി നിങ്ങളോളം കരുത്തനായൊരാള്‍ ഇനി അവതരിക്കുമോയെന്നറിയില്ല. ഈയുള്ള കാലം പകര്‍ന്ന ആവേശപ്പോരാട്ടങ്ങള്‍ക്ക് നന്ദി. 

ENGLISH SUMMARY:

Virat Kohli announces retirement from T20 cricket; end of an era