Photo Credit : instagram.com/purnima

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ ടി20  ലോകകപ്പ് കിരീടം വീണ്ടും  ഉയര്‍ത്തിയതിന്‍റെ ആവേശം ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. രാജ്യത്തിനകത്തും പുറത്തുമായി വലിയ രീതിയിലുളള ആഘോഷങ്ങളാണ് ആരാധകര്‍ സംഘടിപ്പിച്ചത്. ദുബായിലും യുകെ അടക്കമുളള വിദേശരാജ്യങ്ങളില്‍ പോലും ഇന്ത്യയുടെ സുവര്‍ണനേട്ടം ആഘോഷിക്കപ്പെട്ടു. ടീം ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുളള പോസ്റ്റുകള്‍ സോഷ്യല്‍ വാളുകള്‍ കീഴടക്കുകയാണ്. ആവേശവിജയം നേടിയതിന് തൊട്ടുപിന്നാലെയുളള വിരാട് കോലിയുടെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരമിക്കല്‍ പ്രഖ്യാപനം ക്രിക്കറ്റ് ആരാധകരെ നിരാശരാക്കിയെങ്കിലും പടിയിറങ്ങാനുളള ഏറ്റവും മികച്ച സമയമാണിതെന്നായിരുന്നു ആരാധകലോകത്തിന്‍റെ പ്രതികരണം. ഇപ്പോഴിതാ മകന്‍റെയും ടീം ഇന്ത്യയുടെയും അഭിമാനനേട്ടത്തില്‍‌ രോഹിത്തിന്‍റെ അമ്മ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. 

സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രോഹിത്തിന്‍റെ അമ്മ പൂര്‍ണിമ ശര്‍മ പോസ്റ്റ് പങ്കുവച്ചത്. വിരാട് കോലിക്കൊപ്പം ലോകകപ്പ് വേദിയില്‍ മകളെ തോളിലേറ്റി നില്‍ക്കുന്ന രോഹിത്തിന്‍റെ ചിത്രത്തിനൊപ്പം ഹൃദ്യമായ ഒരു കുറിപ്പും അമ്മ പങ്കുവച്ചു.  ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച രണ്ടു പേര്‍ എന്ന തലക്കെട്ടോടുകൂടിയാണ് രോഹിത്തിന്‍റെ അമ്മ പൂര്‍ണിമ പോസ്റ്റ് പങ്കുവച്ചത്. കൂടാതെ വൈകാരികമായൊരു കുറിപ്പും ചിത്രത്തിനൊപ്പമുണ്ടായിരുന്നു. 'തോളില്‍ മകള്‍, പിന്നില്‍ രാജ്യം, അരികില്‍ സഹോദരനും' എന്നാണ് പൂര്‍ണിമ കുറിച്ചത്.

പൂര്‍ണിമയുടെ പോസ്റ്റ് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ആരാധകര്‍ ഏറ്റെടുത്ത് ആഘോഷമാക്കി. ചിത്രത്തിന് രസകരമായ പല അടിക്കുറിപ്പുകളും കമന്‍റായെത്തി. രോഹിത്തും കോലിയും തമ്മിലുളള സ്നേഹത്തിന്‍റെയും സഹോദര ബന്ധത്തിന്‍റെയും നേര്‍ചിത്രമാണ് അമ്മയുടെ പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നതെന്നായിരുന്നു കമന്‍റുകളില്‍ ഏറെയും. കോലിയെയും സ്വന്തം മകനെപ്പോലെ കാണുന്ന അമ്മയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചും ആരാധകരെത്തി. അതേസമയം  രാജ്യത്തിന് ഇങ്ങനെയൊരു രത്നത്തെ സമ്മാനിച്ച അമ്മയ്ക്ക് നന്ദിയെന്നും കമന്‍റുകളെത്തി. 

ENGLISH SUMMARY:

Rohit Sharma's mother's post goes viral