ചാംപ്യന്‍സ് ട്രോഫി കളിക്കാനായി ഇന്ത്യ പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ബിസിസിഐ തീരുമാനിച്ചതോടെ കടുത്ത നിരാശയിലാണ് ആരാധകര്‍. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കളിക്കാരെ പാക്കിസ്ഥാനിലേക്ക് അയയ്ക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചത്. മതിയായ സുരക്ഷയൊരുക്കും, ഇന്ത്യ കളിക്കാനെത്തിയാല്‍ മാത്രം മതിയെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പലകുറി പറഞ്ഞുനോക്കിയെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ ഇന്ത്യ വരുന്നില്ലെങ്കില്‍ ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന ഭീഷണി വരെ പാക്കിസ്ഥാന്‍ മുഴക്കിയതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
ഇന്ത്യന്‍ ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടയില്‍ ആരാധകര്‍ക്കിടയിലും ഇക്കാര്യം ചര്‍ച്ചയാണ്. ട്വന്‍റി 20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ അടുത്തുകിട്ടിയ തക്കത്തിന് ഇക്കാര്യം ആരാധകന്‍മാരിലൊരാള്‍ ചോദിക്കുകയും ചെയ്തു. ' നിങ്ങള്‍ എന്താ പാക്കിസ്ഥാനിലേക്ക് കളിക്കാന്‍ വരാത്തത്?' എന്നായിരുന്നു ചോദ്യം. 'അരേ ഭയ്യാ, അത് ഞങ്ങളുടെ കയ്യില്‍ നില്‍ക്കുന്ന കാര്യമല്ലല്ലോ' എന്നായിരുന്നു സൂര്യയുടെ സത്യസന്ധമായ മറുപടി.
ചാംപ്യന്‍സ്ട്രോഫിയില്‍ നിന്നും പാക്കിസ്ഥാന്‍ പിന്‍മാറിയേക്കുമെന്ന വാര്‍ത്തകള്‍ പാക്ക് മാധ്യമമായ ഡോണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യ കളിക്കാനെത്താത്തത് അത്ര നിസാരമായി കാണേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മല്‍സരങ്ങള്‍ മുന്‍പ് നടത്തിയിരുന്നത് പോലെ മറ്റൊരു രാജ്യത്ത് വച്ച് നടത്താമെന്ന പരിഹാരമാണ് ബിസിസിഐ മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിനിടയിലാണ് പാക്കിസ്ഥാന്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇതോടെ ചാംപ്യന്‍സ് ട്രോഫിയുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലാണ്.