ട്വന്‍റി20യിലെ അതിവേഗ സെഞ്ചറിക്കാരുടെ പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ. സഈദ് മുഷ്താഖ് അലി ട്രോഫിയില്‍ മേഘാലയയ്ക്കെതിരെയാണ് പഞ്ചാബിന് വേണ്ടി അഭിഷേകിന്‍റെ സെഞ്ചറി. 28 പന്തുകളില്‍ നിന്ന് 11 സിക്സറുകളും എട്ട് ഫോറുകളുമുള്‍പ്പടെയാണ് സെഞ്ചറി നേട്ടം.
അഭിഷേകിന്‍റെ മിന്നുന്ന ഫോമില്‍ മേഘാലയ ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം വെറും 9.3 ഓവറില്‍ പഞ്ചാബ് മറികടന്നു. 12 ട്വന്‍റി20കളില്‍ നിന്നായി 256 റണ്‍സാണ് അഭിഷേക് ഇന്ത്യയ്ക്കായി നേടിയിട്ടുള്ളത്. ഐപിഎല്ലില്‍ ഹൈദരാബാദിനായി കളിക്കുന്ന അഭിഷേക് 63 മല്‍സരങ്ങളില്‍ നിന്നായി 1376 റണ്‍സും താരം നേടിയിട്ടുണ്ട്.
ടോസ് നേടിയ മേഘാലയ ബാറ്റിങ് തിരഞ്ഞെടുത്തു. 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ വെറും 142 റണ്‍സെടുക്കാനേ മേഘാലയയ്ക്ക് കഴിഞ്ഞുള്ളൂ. അഭിഷേക് ശര്‍മയും രമണ്‍ദീപുമാണ് പഞ്ചാബിനായി നിര്‍ണായക വിക്കറ്റുകളെടുത്തത്. 31 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത അര്‍പിതും 17 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത യോഗേഷ് തിവാരിയുമാണ് മേഘാലയയുടെ ടോപ്സ്കോറര്‍മാര്‍. മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബ് നിഷ്പ്രയാസമാണ് 143 റണ്‍സെന്ന വിജയലക്ഷ്യത്തിലെത്തിയത്. ക്യാപ്റ്റന്‍ അഭിഷേകിന് സൊഹ്റാബ് ധലിവാളിന്‍റെയും രമണ്‍ദീപിന്‍റെയും പിന്തുണ കൂടിയായപ്പോള്‍ മേഘാലയ ബോളര്‍മാര്‍ക്ക് ഒരുഘട്ടത്തില്‍ മേല്‍ക്കൈ നേടാനായില്ല.
നവംബര്‍ 27നാണ് ഗുജറാത്ത് താരമായ ഊര്‍വി പട്ടേല്‍ ട്വന്‍റി20യില്‍ ഒരിന്ത്യന്‍ താരത്തിന്‍റെ അതിവേഗ സെഞ്ചറി കുറിച്ചത്. ത്രിപുരയ്ക്കെതിരെയായിരുന്നു 28 പന്തില്‍ ഉര്‍വിയുടെ നേട്ടം. 2018ല്‍ ഹിമാചല്‍ പ്രദേശിനെതിരെ അന്ന് ഡല്‍ഹി താരമായിരുന്ന റിഷഭ് പന്ത് 32 പന്തില്‍ നിന്നും സെഞ്ചറി നേടിയിരുന്നു. 27 പന്തില്‍ നിന്ന് 100 റണ്‍സ് തികച്ച എസ്റ്റോണിയന്‍ താരം സഹില്‍ ചൗഹാനാണ് ട്വന്‍റി20യിലെ അതിവേഗ സെഞ്ചറിക്കാരില്‍ കേമന്‍. സൈപ്രസിനെതിരെയായിരുന്നു സഹിലിന്‍റെ നേട്ടം.