ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലില്‍ പ്ലേയര്‍ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ട വിരാട് കോലിയുടെ ബാറ്റിങിനെ വിമര്‍ശിച്ച് കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍. ഫൈനലില്‍ കോലിയുടെ മെല്ലെപ്പോക്ക് ഇന്ത്യയെ തോല്‍വിയുടെ വക്കിലേക്ക് തള്ളിവിട്ടെന്നാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ മഞ്ജരേക്കറുടെ കണ്ടെത്തല്‍. ‘അടിച്ചുകളിക്കേണ്ട മല്‍സരത്തില്‍ കോലി തുഴഞ്ഞുനീങ്ങിയത് ടീമിനെ സമ്മര്‍ദത്തിലാക്കി. ഒരുഘട്ടത്തില്‍ ടീം തോല്‍വിയുടെ വക്കിലായിരുന്നു. 128 ആയിരുന്നു കോലിയുടെ സ്ട്രൈക്ക് റേറ്റ്. വാലറ്റക്കാര്‍ രക്ഷയ്ക്കെത്തിയില്ലായിരുന്നെങ്കില്‍ ഇന്ത്യ തോറ്റേനെ!’ തന്റെ പ്ലേയര്‍ ഓഫ് ദ് മാച്ച് ബോളര്‍മാരാണെന്നും മഞ്ജരേക്കര്‍ അഭിമുഖത്തില്‍ തുറന്നടിച്ചു.
‘ഹാര്‍ദിക് പാണ്ഡ്യയ്ക്ക് രണ്ട് പന്തുമാത്രമാണ് കളിക്കാന്‍ കിട്ടിയത്. കോലി നേരത്തേ അടിച്ചുകളിച്ചിരുന്നെങ്കില്‍ മെച്ചപ്പെട്ട സ്കോര്‍ നേടാന്‍ കഴിഞ്ഞേനെ’. കോലിയുടെ യാഥാസ്ഥിതിക ബാറ്റിങാണ് ഹാര്‍ദികിന്‍റെ അവസരവും വൈകിച്ചതെന്ന് മഞ്ജരേക്കര്‍ ആരോപിച്ചു.
ഫൈനലില്‍ 59 പന്തില്‍ നിന്ന് 76 റണ്‍സാണ് കോലി നേടിയത്. ഒരറ്റത്ത് വിക്കറ്റ് വീണപ്പോഴും അക്സര്‍ പട്ടേലുമൊത്തും രണ്ടാം പകുതിയില്‍ ശിവം ദുബെയ്ക്കൊപ്പവും ഉറച്ച് നിന്ന കോലി ഇന്ത്യയെ ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും ഉയര്‍ന്ന സ്കോറിനടുത്തെത്തിച്ചാണ് പുറത്തായത്. ആദ്യ ഓവറില്‍ തകര്‍ത്തടിച്ച കോലി രോഹിത്തിന്റെയും ഋഷഭ് പന്തിന്റെയും സൂര്യകുമാറിന്റെയും വിക്കറ്റുകള്‍ വീണതോടെയാണ് കരുതലോടെ കളിച്ചത്. അര്‍ധ ശതകം തികച്ച ശേഷം കൂറ്റനടികള്‍ക്ക് മുതിരുകയും ചെയ്തു.
ഈ ലോകകപ്പില്‍ കോലിയുടെ മികച്ച പ്രകടനവും ഫൈനലിലേതായിരുന്നു. കിരീടനേട്ടത്തിന് പിന്നാലെ താരം രാജ്യാന്തര ട്വന്‍റി20 യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 7 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയത്തോടെയാണ് ഇന്ത്യ ഐസിസി കിരീട വരള്‍ച്ചയ്ക്ക് അന്ത്യംകുറിച്ചത്. അതും പതിനേഴ് വര്‍ഷത്തിനുശേഷം.