മുഹമ്മദ് റിസ്‌വാന്‍, അഹ്മദ് ഷെഹ്സാദ്

TOPICS COVERED

ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനം മറയ്ക്കാന്‍ പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാന്‍ മതകാര്‍ഡ് കളിക്കുകയാണെന്ന് വിമര്‍ശിച്ച് സഹതാരം അഹ്മദ് ഷെഹ്സാദ്.സ്വന്തം നാടായ പെഷവാറില്‍ നടന്ന പത്രസമ്മേളനത്തിനിടെ   ടൂര്‍ണമെന്റില്‍ പാകിസ്താന്‍ ടീമിന്റെ പ്രകടനത്തെക്കുറിച്ചും സ്വന്തം പ്രകടനത്തെക്കുറിച്ചും റിസ്‌വാന്‍ സംസാരിച്ചിരുന്നു. ടൂര്‍ണമെന്റില്‍ വളരെ മോശം പ്രകടനമായിരുന്നു മുഹമ്മദ് റിസ്‌വാന്റേത്. പക്ഷേ അദ്ദേഹം നടത്തിയ പത്രസമ്മേളനത്തില്‍ കാര്യങ്ങളുടെ ഗതി മാറ്റാനുള്ള ശ്രമമായിരുന്നു നടന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം. 

ടീമിന്റെ മോശം പ്രകടനത്തിനെതിരെ വ്യാപകമായി ഉയര്‍ന്ന വിമര്‍ശനം ന്യായമാണെന്ന് സമ്മതിച്ചാണ് മുഹമ്മദ് റിസ്‌വാന്‍ പത്രസമ്മേളനം നടത്തിയത്. എന്നാല്‍വളരെ വിചിത്രമായൊരു വാദം കൂടി റിസ്‌വാന്‍ ഉന്നയിച്ചതാണ് ഷെഹ്സാദിന്റെ വിമര്‍ശനത്തിനു കാരണം. ‘മനുഷ്യൻ രണ്ട് കാര്യങ്ങളുടെ ബ്രാൻഡ് അംബാസഡറാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരാൾ മുസ്ലീമാണെങ്കിൽ, അവൻ പോകുന്നിടത്തെല്ലാം അവൻ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നുണ്ട്. രണ്ടാമത്തേത്,അവൻ പാകിസ്താന്റെ ബ്രാൻഡ് അംബാസഡറാണ്’ ഇതായിരുന്നു റിസ്‌വാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. 

താരങ്ങളുടെ മോശം ഫോമിനെയും മോശം പ്രകടനത്തേയും മതകാര്‍ഡ് ഉപയോഗിച്ച് പ്രതിരോധിക്കുന്ന രീതി നിര്‍ത്തണമെന്നാണ് ഷെഹ്സാദ് റിസ്‌വാനോട് ആവശ്യപ്പെടുന്നത്. റിസ്‌വാന്‍ നടത്തിയത് സാഹചര്യത്തിനു ചേര്‍ന്ന പത്രസമ്മേളനമല്ല,  ലോകകപ്പിലെ മോശം പ്രകടനം മറച്ചുവെക്കുന്നത് നിരാശാജനകമാണ്. അനാവശ്യ വാർത്താ സമ്മേളനങ്ങൾ നടത്തി മതരാഷ്ട്രീയം കളിക്കുകയാണ്.

കായികക്ഷമതയെക്കുറിച്ച് കള്ളം പറയുകയും കളിക്കളത്തിൽ അഭിനയിക്കുകയാണെന്ന് സമ്മതിക്കുകയും ചെയ്യുകയാണ്. മറ്റുള്ളവരെ കബളിപ്പിക്കാനും ഫീല്‍ഡില്‍ കള്ളം പറയാനും മതം നിങ്ങളെ പഠിപ്പിക്കുന്നുണ്ടോ? ഇതിനു പകരം ടീമിനൊപ്പം നിന്ന് നല്ല പെര്‍ഫോമന്‍സ് കാഴ്ചവക്കുകയല്ലേ വേണ്ടതെന്നും ഷഹ്സാദ് ചോദിക്കുന്നു. എക്സ് വോളിലായിരുന്നു റിസ്‌വാനെതിരായ ഷെഹ്സാദിന്റെ വിമര്‍ശനവാക്കുകള്‍. 

 കളിക്കാരുടെ ഇത്തരം മോശം പ്രവണതകള്‍ക്കെതിരെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഷഹ്സാദ് ആവശ്യപ്പെട്ടു. പിസിബി ചെയര്‍മാന്റെ വാക്കുകള്‍ പോലും പല കളിക്കാരും വിലക്കെടുക്കുന്നില്ല, ബോര്‍ഡ് നേതൃത്വത്തിന് പോലും വില കല്‍പ്പിക്കാത്തവരാണ്. പക്ഷേ പാക് ക്രിക്കറ്റ് ആരാധകര്‍ക്ക് ചോദിക്കാനേറെയുണ്ട്, അവരുടെ ചോദ്യങ്ങള്‍ക്ക് ടീമും ബോര്‍ഡും മറുപടി പറഞ്ഞേ മതിയാകൂവെന്നും ഷെഹ്സാദ് വ്യക്തമാക്കുന്നു. 

Pakistan star slams mohammad rizwan over religion card :

Playing religion card, pakistan star slams mohammad rizwan about a pressmeet and islam remark, Mohammad Rizwan had a very poor performance in the tournament. But the criticism that is being raised now is that the press conference held by him was an attempt to deviate the bad perfomance in the name of islam.