ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ കാത്തു നിന്ന ആരാധകര്‍ക്ക് നടുവില്‍ നിന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ട്വന്റി20 ലോക കിരീടം ഉയര്‍ത്തിക്കാണിച്ചു. രാജ്യത്തെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന നിമിഷം. ആര്‍ത്തുലയ്ക്കുന്ന ആരവമായിരുന്നു ആരാധകരുടെ മറുപടി. 17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ട്വന്റി20 ലോക കിരീടം തിരികെ ഇന്ത്യന്‍ മണ്ണില്‍. ബാര്‍ബഡോസില്‍ നിന്ന് രോഹിത് ശര്‍മയും കൂട്ടരും ലോക കിരീടവുമായി ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തി.
വിമാനത്താവളത്തില്‍ വലിയ ജനക്കൂട്ടമാണ് ഇന്ത്യന്‍ ആരാധകരെ സ്വീകരിക്കാന്‍ എത്തിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഐടിസി മൗര്യാ ഹോട്ടലിലേക്കാണ് ഇന്ത്യന്‍ ടീം പോയത്. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കുള്ള യാത്രയ്ക്കിടയിലും ടീം ബസ് ആരാധകര്‍ പിന്തുടര്‍ന്നു. രാവിലെ 11 മണിക്ക് ഇന്ത്യന്‍ ടീമിന് പ്രധാനമന്ത്രി സ്വീകരണം നല്‍കും. പിന്നാലെ മുംബൈയിലേക്ക് തിരിക്കുന്ന ടീം വൈകുന്നേരത്തോടെ തുറന്ന ബസില്‍ പര്യടനം നടത്തും.
നരിമാന്‍ പോയിന്റ് മുതല്‍ വാങ്കഡെ സ്റ്റേഡിയം വരെയാണ് ഇന്ത്യന്‍ ടീമിന്റെ കിരീടവും കയ്യില്‍ വെച്ചുള്ള റോഡ് ഷോ. മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് 125 കോടി രൂപയുടെ സമ്മാനവും ബിസിസിഐ കൈമാറും. ബാര്‍ബഡോസിലെ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ടീമിന്റെ നാട്ടിലേക്കുള്ള യാത്ര നീണ്ടത്. ബാര്‍ബഡോസില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യന്‍ ടീം ഡല്‍ഹിയിലേക്ക് എത്തിയത്.