സച്ചിന്‍ (ഇടത്) ജയിംസ് ആന്‍ഡേഴ്സണ്‍ (വലത്)

പന്തെറിയാന്‍ ഏറ്റവും കഷ്ടപ്പെട്ടിട്ടുള്ളത്   സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനെതിരെയാണെന്ന് ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്സണ്‍. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ സച്ചിനെതിരെ ബോള്‍ ചെയ്യുമ്പോഴല്ലാതെ താന്‍ പതറിയിട്ടില്ലെന്നും ആന്‍ഡേഴ്സണ്‍ അഭിമുഖത്തില്‍ പറഞ്ഞു. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെ 41കാരനായ ആന്‍ഡേഴ്സണ്‍ 22 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുകയാണ്.  വിരാട് കോലിയുള്‍പ്പടെ പലതലമുറകള്‍ക്കൊപ്പം കളിച്ചയാളാണ് ആന്‍ഡേഴ്സണ്‍. കോലിക്ക് പുറമെ ഓസീസ് ബാറ്റര്‍മാര്‍ക്കെതിരെ പന്തെറിയുന്നതും താന്‍ ആസ്വദിച്ചിരുന്നുവെന്നും ആന്‍ഡേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു. 

നാളിന്ന് വരെ ബോള്‍ ചെയ്തപ്പോള്‍ ഏറ്റവും പ്രയാസം തോന്നിയത് ആര്‍ക്കെതിരെയാണെന്നായിരുന്നു അഭിമുഖകാരന്‍റെ ചോദ്യം. ഒരു നിമിഷം പോലും വൈകാതെയാണ് സച്ചിനെന്ന മറുപടിയെത്തിയത്. മുന്‍പും സച്ചിനോടുള്ള തന്‍റെ ആരാധന ആന്‍ഡേഴ്സണ്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.  കോവിഡ് കാലത്ത് ഡെയ്ല്‍ സ്റ്റെയിനുമായി ചേര്‍ന്നുള്ള പോഡ്കാസ്റ്റിലായിരുന്നു സച്ചിനെ കുറിച്ച് താരം വാചാലനായത്. 'ഒരു ഗെയിം പ്ലാനുമായി പന്തെറിയാനാവാത്ത താരം സച്ചിനാണ്. ഒരിക്കല്‍ സച്ചില്‍ ക്രീസിലേക്ക് വന്നു..ഫോറും സിക്സും വഴങ്ങില്ലെന്നും മോശം പന്തുകളെറിയില്ലെന്നും ഉറപ്പിച്ചാണ് ഞാനെത്തിയത്. പക്ഷേ സച്ചിന് മുന്നില്‍ അത് വിലപ്പോവില്ല. ഇന്ത്യയുടെ തന്നെ തുരുപ്പ് ചീട്ടായിരുന്നു സച്ചിന്‍. സച്ചിന്‍റെ വിക്കറ്റ് വീണാല്‍ ഇന്ത്യ തകര്‍ന്നടിയുമായിരുന്നു. അത്ര വലിയ വിക്കറ്റായിരുന്നു അത്'. 

ഓഫ് സ്റ്റംപിന് മുകളിലായി പന്തെറിയണമെന്ന ചിന്തയോടെയാണ് ഞാന്‍ അടുത്തത്. നേരെ വരുന്ന പന്ത് സച്ചിന്‍ വിട്ടുകളയുമെന്നായിരുന്നു എന്‍റെ ചിന്ത. പക്ഷേ കണക്കുകൂട്ടലുകള്‍ പാളിപ്പോയി. ഇംഗ്ലണ്ടിലെത്തിയാണ് സച്ചിന്‍ ആ കളി കളിച്ചതെന്ന് ഓര്‍ക്കണം. പക്ഷേ നിരന്തര പരിശ്രമത്തിനൊടുവില്‍ സച്ചിെന എനിക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ആന്‍ഡേഴ്സണ്‍ ഓര്‍ത്തെടുത്തു. 

വിരമിക്കുന്ന ആന്‍ഡേഴ്സണുള്ള ആദരമായാണ് ബുധനാഴ്ച വിന്‍ഡീസിനെതിരായ ടെസ്റ്റ് തുടങ്ങിയത്. ജെയ്ഡന്‍ സീല്‍സിന്‍റെ വിക്കറ്റും ആന്‍ഡേഴ്സണ്‍ വീഴ്ത്തി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്ത ഇംഗ്ലണ്ടിനെതിരെ മറുപടി ബാറ്റിങിനിറങ്ങിയ വിന്‍ഡീസിന് പക്ഷേ പിഴച്ചു. 121 റണ്‍സിന് ഓള്‍ ഔട്ടായി. ഇംഗ്ലണ്ടിന്‍റെ അരങ്ങേറ്റ താരം ഗസ് അറ്റ്കിന്‍സണ്‍ 45 റണ്‍സ് വിട്ടുകൊടുത്ത് 7 വിക്കറ്റാണ് പിഴുതത്. 

ENGLISH SUMMARY:

The best batter I would have to say is Sachin Tendulkar, says James Anderson