2010ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ മലയാളി താരം എസ്.ശ്രീശാന്ത് കാട്ടിയ കുരുത്തക്കേടിന്റെ കഥ വെളിപ്പെടുത്തി സ്പിന്നര്‍ ആര്‍.അശ്വിന്‍. പോര്‍ട്ട് എലിസബത്തില്‍ നടന്ന ഏകദിന മല്‍സരത്തില്‍ റിസര്‍വ് താരമായിരുന്നു ശ്രീശാന്ത്. റിസര്‍വ് കളിക്കാരെല്ലാം ഡഗ് ഔട്ടില്‍ ഉണ്ടാകണമെന്ന് ക്യാപ്റ്റന്‍ എം.എസ്.ധോണി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ശ്രീശാന്ത് ഇത് വകവയ്ക്കാതെ മസാജിങിന് പോയത് ധോണിയെ ചൊടിപ്പിച്ചെന്ന് അശ്വിന്‍ ആത്മകഥയായ ‘ഐ ഹാവ് ദ് സ്ട്രീറ്റ്സ് – എ കുട്ടി ക്രിക്കറ്റ് സ്റ്റോറി’യില്‍ വെളിപ്പെടുത്തി. ധോണി കോപിച്ചതറിഞ്ഞ് ശ്രീശാന്ത് ഡഗ് ഔട്ടില്‍ മടങ്ങിയെത്തിയെന്നും പ്രശ്നം പരിഹരിച്ചെന്നും അശ്വിന്‍ എഴുതുന്നു. 

റിസര്‍വ് കളിക്കാര്‍ ഡഗ് ഔട്ട് വിട്ടുപോകരുതെന്ന് ധോണി കളി തുടങ്ങുംമുന്‍പുതന്നെ ആവശ്യപ്പെട്ടിരുന്നു. മറ്റ് റിസര്‍വ് താരങ്ങളെല്ലാം ഇതനുസരിച്ചപ്പോള്‍ ശ്രീശാന്ത് മാത്രം ഡ്രസിങ് റൂമിലേക്ക് മടങ്ങി. മല്‍സരത്തിനിടെ വെള്ളം കൊടുക്കാന്‍ അശ്വിന്‍ ഗ്രൗണ്ടിലെത്തിയപ്പോള്‍ 'ശ്രീ എവിടെ?' എന്ന് എം.എസ് ചോദിച്ചു. 'എന്താണ് പറയേണ്ടതെന്ന് അറിയാതെ ഞാന്‍ കുഴങ്ങി. മുകളില്‍ ഡ്രസിങ് റൂമിലുണ്ടെന്ന് മറുപടി പറഞ്ഞു. ബ്രേക്കിന് ശേഷം വിക്കറ്റ് നഷ്ടമാകാതിരിക്കാന്‍ ശ്രമിക്കുമ്പോഴും ശ്രീ ഡഗൗട്ടില്‍ എത്തിയിട്ടില്ലെന്ന് എം.എംസ് കണ്ടെത്തിയെന്നതായിരുന്നു കൗതുകകരം’. 

‘തിരികെ ഡഗ് ഔട്ടില്‍ എത്തിയ ഞാന്‍, കൂളിങ് ഗ്ലാസിട്ട് കാലുകള്‍ മറ്റൊരു കസേരയില്‍ ഉയര്‍ത്തിവച്ച് ഇരുന്ന മുരളി വിജയ്‍യോട് കാര്യം പറഞ്ഞു. ശ്രീയോട് താഴേക്ക് വരാന്‍ എം.എസ് പറയുന്നു എന്നുപറഞ്ഞപ്പോള്‍ ‘ഞാന്‍ അത് പോയി പറയുമെന്ന് വിചാരിക്കേണ്ട, നീ തന്നെ പോയി പറയൂ' എന്നായിരുന്നു മുരളിയുടെ മറുപടി. ഒടുവില്‍ ഞാന്‍ തന്നെ റൂമിലെത്തി ക്യാപ്റ്റന്‍ പറഞ്ഞ കാര്യം അറിയിച്ചപ്പോള്‍, ‘എന്തേ, താങ്കള്‍ക്ക് ഗ്രൗണ്ടിലിറങ്ങി വെള്ളം കൊടുക്കാന്‍ കഴിയില്ലേ’ എന്നായിരുന്നു ശ്രീശാന്തിന്റെ മറുപടി.’

ഹെല്‍മറ്റ് നല്‍കാന്‍ വീണ്ടും ഗ്രൗണ്ടില്‍ ചെന്നപ്പോള്‍ ശ്രീശാന്ത് തിരിച്ചെത്താത്തതില്‍ ധോണി ദേഷ്യപ്പെട്ടുവെന്ന് അശ്വിന്‍ വെളിപ്പെടുത്തി. ‘ശ്രീ എവിടെ, എന്തുചെയ്യുന്നു? എന്നായിരുന്നു ചോദ്യം. മസാജിങ് റൂമിലാണെന്ന് പറഞ്ഞപ്പോള്‍ നിശബ്ദനായി നിന്നു. അടുത്ത ഓവറില്‍ വീണ്ടും ഹെല്‍മറ്റ് തിരികെ നല്‍കാന്‍ എന്നെ വിളിപ്പിച്ചു. അപ്പോഴേക്കും അദ്ദേഹം ശാന്തനായിരുന്നു. ഹെല്‍മറ്റ് തരുമ്പോള്‍ ഒരു കാര്യം കൂടി പറഞ്ഞു. ‘ഒരു കാര്യം ചെയ്യണം, രന്‍ജിബ് സാറിന്‍റെ അടുത്തുപോകണം, ശ്രീക്ക് ഇവിടെ  ടീമിനൊപ്പം തുടരാന്‍ താല്‍പര്യമില്ലെന്നും തിരികെ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കാനും പറയണം.’  ഞാന്‍ സ്തബ്ധനായി നിന്നു. എന്താണ് പറയേണ്ടതെന്ന് അറിയാതെ എം.എസിന്‍റെ മുഖത്തേക്ക് നോക്കി. അദ്ദേഹം ചോദിച്ചു, ‘എന്തേ, നിനക്ക് ഇംഗ്ലീഷ് മനസിലായില്ലെന്നുണ്ടോ?'. തിരികെ എത്തി ഇക്കാര്യം പറഞ്ഞതും ശ്രീ വേഗം എണീറ്റ് റെഡിയായെന്നും ഗ്രൗണ്ടില്‍ ബാറ്റര്‍മാര്‍ക്ക് വെള്ളം കൊടുക്കാന്‍ പോകാന്‍ തയ്യാറായെന്നും അശ്വിന്‍ ആത്മകഥയില്‍ പറയുന്നു.

ENGLISH SUMMARY:

Spinner R. Ashwin revealed an incident from the 2010 South African tour involving Malayali cricketer S. Sreesanth's misconduct. During an ODI in Port Elizabeth, Sreesanth, who was a reserve player, ignored captain M.S. Dhoni's strict directive to stay in the dugout and went for a massage instead, angering Dhoni. When asked about Sreesanth's absence, Ashwin struggled to explain and eventually informed Sreesanth, who responded dismissively. Dhoni considered sending Sreesanth back to India but Sreesanth quickly complied, returning to assist on the field, as detailed in Ashwin's autobiography "I Have the Streets – A Kutti Cricket Story.