Sanju Samson

സിംബാബ്‌വെയ്ക്കെതിരായ അഞ്ചാം ട്വന്റി 20 ല്‍ ഇന്ത്യയ്ക്ക് 42 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സ് പിന്തുടര്‍ന്ന സിംബാബ്‌വെ 18.3 ഓവറിൽ 125 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ  നാലാം ജയത്തോടെ പരമ്പര 4–1 എന്ന നിലയില്‍ അവസാനിച്ചു. നാലാം ട്വന്റി20 ജയിച്ചതോടെ ഇന്ത്യ നേരത്തേതന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റു നഷ്ടത്തിൽ 167 റൺസെടുത്തു. മധ്യനിരയിൽ വൈസ് ക്യാപ്റ്റൻ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 45 പന്തുകൾ നേരിട്ട സഞ്ജു 58 റൺസെടുത്തു. നാലു സിക്സുകളും ഒരു ഫോറുമാണു മലയാളി താരം ബൗണ്ടറി കടത്തിയത്. രണ്ടു സിക്സുകളടിച്ച് തുടങ്ങിയ യശസ്വി ജയ്സ്വാൾ ആദ്യ ഓവറിൽ തന്നെ പുറത്തായി. അഞ്ച് പന്തിൽ 12 റൺസാണ് ജയ്സ്വാൾ നേടിയത്. സിക്കന്ദർ റാസയുടെ പന്തിൽ യശസ്വി ബോൾഡാകുകയായിരുന്നു.

ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (14 പന്തിൽ 13), അഭിഷേക് ശർമയും (11 പന്തിൽ 14) വലിയ സ്കോർ കണ്ടെത്താനാകാതെ പുറത്തായി. സഞ്ജു സാംസണും റിയാന്‍ പരാഗും ചേർന്നതോടെ 12.4 ഓവറില്‍ ഇന്ത്യ 100 കടന്നു. 24 പന്തുകൾ നേരിട്ട പരാഗ് 22 റൺസെടുത്തു മടങ്ങി. സ്കോർ 135 ൽ നിൽക്കെ ബ്ലെസിംഗ് മുസറബാനിയുടെ പന്തിൽ തദിവനഷെ മരുമണി ക്യാച്ചെടുത്ത് സഞ്ജു സാംസണെ പുറത്താക്കി. 12 പന്തുകൾ നേരിട്ട ശിവം ദുബെ 26 റൺസെടുത്തു പുറത്തായി. സിംബാബ്‍വെയ്ക്കായി ബ്ലെസിങ് മുസറബാനി രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി.

ENGLISH SUMMARY:

India vs Zimbabwe 5th T20I Highlights: India Beat Zimbabwe By 42 Runs, Clinch Series 4-1