സിംബാബ്‌വെയ്ക്കെതിരായ ടി20 സീരിസിൽ ശുഭ്മാൻ ഗില്ലിനെ നായകനാക്കിയതിനെ ചോദ്യം ചെയ്ത് മുന് ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര. ടീമിനെ നയിക്കുന്നതിൽ ഗില്ലിന് യാതൊരു പിടിയുമില്ലെന്ന് പറഞ്ഞ അമിത് മിശ്ര നായക സ്ഥാനത്തേക്ക് സഞ്ജു സാംസണെയും റിഷഭ് പന്തിനെയും ഋതുരാജ് ഗെയ്‌ക്‌വാദിനെയും നിർദ്ദേശിക്കുന്നു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമിത് മിശ്രയുടെ വാക്കുകൾ.
'ഞാനാണെങ്കിൽ അദ്ദേഹത്തെ നായകനാക്കില്ലായിരുന്നു. ഈ ഐപിഎൽ സീസണിൽ അദ്ദേഹത്തെ നിങ്ങൾ കണ്ടതല്ലെ, എങ്ങനെ ടീമിനെ നയിക്കണമെന്നൊന്നും ഗില്ലിന് അറിയില്ല, അദ്ദേഹത്തിന് യാതൊരു പിടിയുമില്ല' എന്നിങ്ങനെയായിരുന്നു അമിത് മിശ്രയുടെ വാക്കുകൾ. 2024 ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന ഗില്ലിന് കീഴിൽ 14 മൽസരങ്ങളിൽ നിന്ന് 5 വിജയം മാത്രമാണ് ടീമിന് നേടാനായത്. സിംബാബ്‍വെയ്ക്കെതിരെ ഗിൽ നയിച്ച ഇന്ത്യൻ ടീം ആദ്യ മൽസരത്തിലെ പരാജയശേഷം 4-1 ന് പരമ്പര നേടിയിരുന്നു.
കഴിഞ്ഞ കുറച്ച് സീസണിലായി ഗിൽ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി, ഇന്ത്യയ്ക്കായും തിളങ്ങി. നായകനായൊരു പരിചയത്തിനാണ് ഇന്ത്യൻ ടീം ഗില്ലിനെ ക്യാപ്റ്റനാക്കിയത്. ടീമിലുണ്ടെന്നതിന്റെ പേരിൽ ഒരാളെ ക്യാപ്റ്റനാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ടി20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ ശേഷിയുള്ള താരങ്ങളെ പറ്റിയും മിശ്ര അഭിമുഖത്തിൽ സംസാരിച്ചു.
മലയാളി താരം സഞ്ജു സാംസൺ, റിഷഭ് പന്ത്, ഋതുരാജ് ഗെയ്‍ക്വാദ് എന്നിവർ നേതൃനിരയിലേക്ക് വരാൻ ശേഷിയുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. സിംബാബ്‍വെയ്ക്കെതിരായ സീരിസിൽ ഗെയ്‌ക്‌വാദ് ടീമിലുണ്ടായിരുന്നു. ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന സഞ്ജു സാംസൺ രണ്ടാം മല്‍സരം മുതലാണ് ടീമിനൊപ്പം ചേർന്നത്.