വിദേശ പര്യടനത്തില്‍ താരങ്ങള്‍ കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ബിസിസിഐ. വിദേശ പര്യടനത്തില്‍ താരങ്ങള്‍ കുടുംബാംഗങ്ങള്‍ക്കൊന്നിച്ച് കഴിയുന്നത് പ്രകടനം മോശമാകാന്‍ കാരണമാകുന്നു എന്നാണ് ബിസിസിഐ വിലയിരുത്തല്‍. താരങ്ങളുമായി കുടുംബാംഗങ്ങള്‍ക്ക് ചെലവിടാനുള്ള സമയം കുറയ്ക്കുന്ന 2019 ലെ കര്‍ശകമായ നിയമം തിരികെ കൊണ്ടുവരനാണ് ബിസിസിഐ ഉദ്യേശിക്കുന്നത്.
45 ദിവസത്തെ വിദേശ പര്യടനത്തില്‍ കുടുംബാംഗങ്ങളെ പ്രത്യേകിച്ച് ഭാര്യയ്ക്കൊപ്പം രണ്ട് ആഴ്ച മാത്രമെ താരത്തെ അനുവദിക്കുകയുള്ളൂ എന്നാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാ താരങ്ങളും ടീം ബസില്‍ സഹതാരങ്ങള്‍ക്കൊപ്പം തന്നെ യാത്ര ചെയ്യണം. ഒറ്റയ്ക്കുള്ള യാത്രകളെ ബോര്‍ഡ് പ്രോത്സാഹിപ്പിക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഗൗതം ഗംഭീറിന്‍റെ മാനേജര്‍ ഗൗരവ് അറോറയ്ക്ക് ബിസിസിഐ പരിധിയും നിശ്ചയിച്ചു. ടീം ഹോട്ടലില്‍ ഗൗരവ് അറോറയ്ക്ക് താമസം അനുവദിക്കില്ല. സ്റ്റേഡിയത്തിലെ വിഐപി ബോക്സില്‍ പ്രവേശനം വിലക്കുന്നതിനൊപ്പം ടീം ബസില്‍ ഒന്നിച്ച് യാത്രയും ഒഴിവാക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രകളില്‍ ലഗേജ് ഭാരം 150 കിലോയില്‍ കുറയ്ക്കാന്‍ ബിസിസിഐ നിര്‍ദ്ദേശിക്കുന്നു, കൂടുതലായാല്‍ താരങ്ങള്‍ വഹിക്കണമെന്നുമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.
ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റനായ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍, സെലക്ഷന്‍ കമ്മിറ്റി ചീഫ് അജിത് അഗാര്‍ക്കര്‍ എന്നിവരും ബിസിസിഐ ഉന്നതരും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.