sanju-gambhir

ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് എത്തുമ്പോള്‍ സഞ്ജു സാംസണിന് അനുകൂലമായി കാര്യങ്ങള്‍ വരുമോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ശ്രീലങ്കക്കെതിരായ ട്വന്റി20 ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ഏകദിന സ്ക്വാഡിലേക്ക് സഞ്ജുവിന് വിളിയെത്തിയില്ല. ഇതോടെ സഞ്ജുവിനെ കുറിച്ച് പണ്ട് ഗംഭീര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 

രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് നല്‍കുന്ന പരിഗണന സഞ്ജുവിന് നല്‍കണം എന്നാണ് 2020 സെപ്തംബറില്‍ ബിസിസിഐയോട് ഗൗതം ഗംഭീര്‍ പറഞ്ഞത്. ഇന്ത്യക്കായി സഞ്ജു കളിക്കുന്നില്ലെങ്കില്‍ അത് ഇന്ത്യയുടെ നഷ്ടമാണ് എന്നും ഗംഭീര്‍ പറ‍ഞ്ഞിരുന്നു. എന്നാല്‍ 2024 മെയിലേക്ക് എത്തിയപ്പോള്‍ സഞ്ജുവിലുള്ള ക്ഷമ നഷ്ടപ്പെട്ടുവെന്ന നിലയിലായിരുന്നു ഗംഭീറിന്റെ വാക്കുകള്‍. 

രാജ്യാന്തര ക്രിക്കറ്റ് കളിച്ച പരിചയസമ്പത്തുണ്ട്. പുതുമുഖ താരമല്ല. രാജ്യാന്തര ക്രിക്കറ്റ് എന്താണെന്ന് അറിയുകയും ഐപിഎല്ലില്‍ മികവ് കാണിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ലോകകപ്പ് കളിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. തന്നെക്കൊണ്ട് സാധിക്കുന്നത് എന്തെന്ന് സഞ്ജു ലോകത്തിന് കാണിച്ചുകൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു, 2024 മേയില്‍ സഞ്ജുവിനെ കുറിച്ച് ഗംഭീര്‍ പറഞ്ഞത് ഇങ്ങനെ. 

ശ്രീലങ്കക്കെതിരായ ട്വന്റി20 സ്ക്വാഡില്‍ ഉള്‍പ്പെട്ടെങ്കിലും സഞ്ജു പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാനുള്ള സാധ്യത വിരളമാണ്. ഋഷഭ് പന്തിനെ ആയിരിക്കും ഇന്ത്യ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി പരിഗണിക്കുക. സിംബാബ്​വെക്കെതിരായ ട്വന്റി20 പരമ്പരയില്‍ അവസാന മത്സരത്തില്‍ സഞ്ജു അര്‍ധ ശതകം കണ്ടെത്തിയിരുന്നു. 

ENGLISH SUMMARY:

Fans were eager to know if things would turn out in Sanju Samson's favor when Gautam Gambhir took over as India's head coach. But despite being included in the Twenty20 team against Sri Lanka, Sanju was not called up to the ODI squad