ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും മാറിയതിന് ശേഷം രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് ക്യാംപിലേക്ക് എത്തിയേക്കുമെന്ന് സൂചന. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിലേക്ക് ദ്രാവിഡ് എത്തും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. ദ്രാവിഡുമായി രാജസ്ഥാന്‍ റോയല്‍സിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും പ്രഖ്യാപനം ഉടനുണ്ടാവാനാണ് സാധ്യത എന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി പോയതോടെ ഗംഭീറിന് പകരം ദ്രാവിഡിനെ കൊല്‍ക്കത്ത മെന്ററായി ടീമിലെത്തിക്കും എന്ന റിപ്പോര്‍ട്ടുകളാണ് ശക്തമായിരുന്നത്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിലേക്ക് ദ്രാവിഡ് മുഖ്യ പരിശീലകനായി തിരികെ എത്താനുള്ള സാധ്യതകളാണ് ഇപ്പോള്‍ തെളിയുന്നത്. കളിക്കാരനായും മെന്ററായും രാജസ്ഥാന്‍ റോയല്‍സുമായി ദ്രാവിഡിന് നീണ്ട ബന്ധമുണ്ട്.
ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് രാജസ്ഥാന്‍ റോയല്‍സ് 2013ല്‍ ചാംപ്യന്‍സ് ലീഗ് ട്വന്റി ട്വന്റി ഫൈനലില്‍ എത്തുന്നത്. 2014ലും 2015ലും രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററായിരുന്നു ദ്രാവിഡ്. 2015 മുതല്‍ ദ്രാവിഡ് ഇന്ത്യ അണ്ടര്‍ 19 ടീമിന്റേയും ഇന്ത്യ എ ടീമിന്റേയും പരിശീലക സ്ഥാനത്തേക്ക് എത്തി. പിന്നാലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തേക്കും. 2021 ഒക്ടോബറിലാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാവുന്നത്.
നിലവില്‍ കുമാര്‍ സംഗക്കാരയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് സ്ഥാനത്ത് 2021 മുതല്‍ തുടരുന്നത്. ദ്രാവിഡ് വരുന്നതോടെ സംഗക്കാരയെ രാജസ്ഥാന്‍ മാറ്റുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മികച്ച തുടക്കം രാജസ്ഥാന്‍ റോയല്‍സിന് ലഭിച്ചെങ്കിലും സീസണ്‍ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ രാജസ്ഥാന് വിജയ തുടര്‍ച്ച കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.