പൊന്നും വില കൊടുത്താണ് വെങ്കടേഷ് അയ്യരെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് തിരികെ ടീമിലെത്തിച്ചത്. കൊല്‍ക്കത്തയും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലായിരുന്നു വെങ്കിടേഷിനെ സ്വന്തമാക്കാന്‍ വേണ്ടിയുള്ള പോര്. ഒടുവില്‍ 23.75 കോടി രൂപയ്ക്ക് വെങ്കടേഷിനെ കെകെആര്‍ ഈഡന്‍ ഗാര്‍ഡനിലേക്ക് തിരികെ കൊണ്ടുവന്നു. തിരികെ കൊല്‍ക്കത്തയിലേക്ക്  കൊണ്ടുവന്നില്ലെങ്കില്‍ അത് തന്നെ ഏറെ വേദനിപ്പിക്കും എന്നായിരുന്നു വെങ്കടേഷ് പറഞ്ഞതെന്ന് വെളിപ്പെടുത്തുകയാണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് സിഇഒ വെങ്കി മൈസൂര്‍. 

ഫോട്ടോ: പിടിഐ

ലേലത്തിന് മുന്‍പ് ആറ് കളിക്കാരെ ഞങ്ങള്‍ നിലനിര്‍ത്തി. കഴിഞ്ഞ സീസണ്‍ കളിച്ച രണ്ട് മൂന്ന് താരങ്ങളെ ലേലത്തില്‍ വാങ്ങി. വെങ്കടേഷ് അയ്യരെ നഷ്ടപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തരുത് എന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഗ്രൗണ്ടില്‍ എന്താണ്  പ്രാപ്തി എന്ന് അവര്‍ തെളിയിച്ചതാണ്. കഴിഞ്ഞ സീസണില്‍ കിരീടം. അതിന് മുന്‍പൊരു സീസണില്‍ ഫൈനല്‍ വരെ. വെങ്കടേഷ് ടീമിന്റെ നിര്‍ണായക ഘടകമാണ്. ഞങ്ങള്‍ക്ക് വെങ്കടേഷ് വ്യക്തമായ അന്ത്യശാസനം നല്‍കിയിരുന്നു. ലേലത്തില്‍ എന്നെ നിങ്ങള്‍ സ്വന്തമാക്കിയില്ലെങ്കില്‍ അത് എന്നെ ഒരുപാട് സങ്കടപ്പെടുത്തും എന്നാണ് വെങ്കടേഷ് ഞങ്ങളോട് പറഞ്ഞത്. അവനെ സങ്കടപ്പെടുത്താന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നില്ല, വെങ്കി മൈസൂര്‍ പറയുന്നു. 

ഐപിഎല്‍ ലേലത്തിന് മുന്‍പ് റിങ്കു സിങ്, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, ഹര്‍ഷിത് റാണ, രമണ്‍ദീപ് സിങ് എന്നിവരെയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയത്. ലേലത്തില്‍ വെങ്കടേഷ് അയ്യര്‍, ഡികോക്ക്, റഹ്മനുള്ള ഗുര്‍ബാസ്, നോര്‍ജേ, രഘുവന്‍ശി, വൈഭവ് അറോറ, മായങ്ക് മര്‍കന്‍ഡേ, റോവ്മാന്‍ പവല്‍, മനീഷ് പാണ്ഡേ, സ്പെന്‍സര്‍ ജോണ്‍സന്‍, ലവനിത് സിസോദിയ, രഹാനെ, അങ്കുല്‍ റോയി, മൊയീന്‍ അലി, ഉമ്രാന്‍ മാലിക് എന്നിവരെയാണ് കൊല്‍ക്കത്ത വാങ്ങിയത്.

ENGLISH SUMMARY:

Kolkata Knight Riders brought Venkatesh Iyer back to the team at a huge price. The battle for Venkatesh was between Kolkata and Royal Challengers Bengaluru. Finally, KKR brought Venkatesh back to Eden Gardens for Rs 23.75 crore.