lanka-won

TOPICS COVERED

ശ്രീലങ്കയ്ക്കെതിരായ നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു 110 റണ്‍സ് തോല്‍വി . 249 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 138 റണ്‍സിന് പുറത്തായി. ശ്രീലങ്ക 248/7, ഇന്ത്യ 138. ഇതോടെ മൂന്നുമല്‍സരങ്ങളുടെ പരമ്പര 2–0ന് ശ്രീലങ്ക സ്വന്തമാക്കി . ഒന്നാം ഏകദിനത്തിൽ ‘ടൈ’യും രണ്ടാം ഏകദിനത്തിൽ 32 റൺസ് തോൽവിയും വഴങ്ങിയ ഇന്ത്യ ഇതോടെ മൂന്നാം ഏകദിനത്തിൽ ഏറ്റുവാങ്ങിയത് കൂറ്റൻ തോൽവി.

ശ്രീലങ്ക ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി രണ്ടക്കം കടന്നത് നാലു താരങ്ങൾ മാത്രം. 20 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 35 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ ഒരിക്കൽക്കൂടി ഭേദപ്പെട്ട പ്രകടനവുമായി ടോപ് സ്കോററായി. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ ആഞ്ഞടിച്ച വാഷിങ്ടൻ സുന്ദർ 25 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 30 റൺസെടുത്തു.

18 പന്തിൽ നാലു ഫോർ സഹിതം 20 റൺസെടുത്ത വിരാട് കോലി, 13 പന്തിൽ രണ്ടു ഫോറുകളോടെ 15 റൺസെടുത്ത റിയാൻ പരാഗ് എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവർ. ഉപനായകനും ഓപ്പണറുമായ ശുഭ്മൻ ഗിൽ (14 പന്തിൽ ആറ്), പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച ഋഷഭ് പന്ത് (ഒൻപതു പന്തിൽ ആറ്), ശ്രേയസ് അയ്യർ (ഏഴു പന്തിൽ എട്ട്), അക്ഷർ പട്ടേൽ (ഏഴു പന്തിൽ രണ്ട്), ശിവം ദുബെ (14 പന്തിൽ ഒൻപത്) എന്നിവർ പൂർണമായും നിരാശപ്പെടുത്തി.

നേരത്തേ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 248 റൺസെടുത്തു. ഓപ്പണർ അവിഷ്ക ഫെർണാണ്ടോയും കുശാൽ മെൻഡിസും അർധ സെഞ്ചറി നേടി. 102 പന്തുകൾ നേരിട്ട അവിഷ്ക 96 റൺസെടുത്താണു പുറത്തായത്. 82 പന്തുകളിൽനിന്ന് കുശാൽ മെൻഡിസ് 59 റൺസും നേടി. ഇന്ത്യയ്ക്കായി ഓൾറൗണ്ടർ റിയാൻ പരാഗ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് യാദവ്, വാഷിങ്ടൻ സുന്ദർ, അക്ഷർ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ENGLISH SUMMARY:

Sri Lanka Beat India By 110 Runs, Clinch Bilateral Series After 27 Years