kcl-cricket

ഐ.പി.എല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് ടീമുകളായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശൂര്‍, കോഴിക്കോട് എന്നീ ആറുജില്ലകള്‍ കേന്ദ്രീകരിച്ചാണ്, വിവിധ മേഖലകളിലെ പ്രമുഖര്‍ നേതൃത്വം നല്‍കുന്ന ടീമുകള്‍. നാളെ തിരുവനന്തപുരത്താണ് കളിക്കാരുടെ ലേലം.

കോളജ് കാലത്ത് ക്രിക്കറ്റ് കളിക്കാരന്‍ കൂടിയായ സംവിധായകന്‍ പ്രിയദര്‍ശനും ജോസ് തോമസ് പട്ടാറയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം നയിക്കുന്ന ട്രിവാന്‍ഡ്രം റോയല്‍സ് ആണ് തലസ്ഥാനത്തെ ടീം. പി.എ.അബ്ദുള്‍ ബാസിത് ആണ് ഐക്കണ്‍ പ്ലയര്‍. ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ സോഹന്‍ റോയിയുടെ ഏരീസ് ഗ്രൂപ്പിന്റെ ഏരീസ് കൊല്ലം സെയ്‌ലേഴ്സ് കൊല്ലത്തിന്റെ ടീമാണ്. സച്ചിന്‍ ബേബിയാണ് ഐക്കണ്‍ പ്ലയര്‍. കണ്‍സോള്‍ ഷിപ്പിങ് സര്‍വീസസ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ആലപ്പി റിപ്പിള്‍സാണ് ആലപ്പുഴ ജില്ലയുടെ ടീം. മുഖ്യകളിക്കാരന്‍ മുഹമ്മദ് അസറുദ്ദീന്‍.

എനിഗ്മാറ്റിക് സ്മൈല്‍ റിവാര്‍ഡ്സ് നേതൃത്വം നല്‍കുന്ന കൊച്ചി ബ്ലൂ ടൈഗേഴസ് എറണാകുളം ജില്ലയെ പ്രതിനിധീകരിക്കുന്നു. ബേസില്‍ തമ്പി ഐക്കണ്‍ പ്ലയറും. ഫൈനസ് മാര്‍ക്കറ്റ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥയിലുള്ള തൃശൂര്‍ ടൈറ്റന്‍സ് ഐക്കണ്‍ പ്ലയറായ വിഷ്ണു വിനോദിനൊപ്പമാണ് തൃശൂരിനുവേണ്ടി ഇറങ്ങുക. ഇകെകെ ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡിന്റെ കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ് ആണ് കോഴിക്കോട് ജില്ലയുടെ ഫ്രാഞ്ചൈസി.റോഹന്‍ എസ് കുന്നമ്മലാണ് ഐക്കണ്‍ പ്ലയര്‍.

റജിസ്റ്റർ ചെയ്ത കേരളത്തിലെ  താരങ്ങളില്‍നിന്ന് ലേലത്തില്‍ പങ്കെടുക്കാനുള്ള 168 കളിക്കാരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുക്കും. ഇതില്‍ നിന്ന് 120 കളിക്കാരെ ഫ്രാഞ്ചൈസി ലഭിച്ച ടീം ഉടമകള്‍ ഐ.പി.എല്‍ മാതൃകയില്‍  ലേലത്തിലൂടെ സ്വന്തമാക്കും. അടുത്തമാസം രണ്ടുമുതല്‍ 19 വരെ  കാര്യവട്ടം സ്പോർട്സ് ഹബ്ബിലാണ് മല്‍സരങ്ങള്‍. നടന്‍ മോഹന്‍ലാലാണ് ലീഗിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

ENGLISH SUMMARY:

teams formed for kerala cricket league