രാവിലെ നടക്കാനിറങ്ങുമ്പോള്‍ റോഡ് ക്രോസ് ചെയ്യുന്ന വിരാട് കോലിയെ കണ്ടാല്‍ എങ്ങിനെയിരിക്കും? ആരാധകരുടെ റിയാക്ഷന്‍ എന്താകുമെന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല. എന്നാലിതാ ഏകനായി റോഡ് മുറിച്ചുകടക്കാന്‍ കാത്തുനില്‍ക്കുന്ന കോലിയുടെ വിഡിയോയാണ് വൈറലാകുന്നത്. പക്ഷേ സംഭവം ലണ്ടനിലാണെന്ന് മാത്രം.
വെറും അഞ്ചു സെക്കന്‍ഡ് മാത്രമേയുള്ളൂ എങ്കിലും, ലണ്ടന്‍ നഗരത്തിലെ തെരുവുകളിലൂടെ തികച്ചും സമാധനപൂര്‍ണമായി നടക്കുന്ന കോലിയുടെ വിഡിയോയാണ് ശ്രദ്ധേയം. അലക്ഷ്യമായി വസ്ത്രം ധരിച്ച് വളരെ കൂളായി ചുറ്റും ആള്‍ക്കൂട്ടമോ ബഹളമോ ഇല്ലാതെ കോലി. ശാന്തമായുള്ള ഈ നടത്തം അദ്ദേഹത്തിന്‍റെ ഓണ്‍ഫീല്‍ഡ് സ്വഭാവത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നാണ് അഭിപ്രായം.
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുശേഷമാണ് താരം കുടുംബത്തോടൊപ്പം ലണ്ടനിലെത്തിയത്. പരമ്പര മോശമായെങ്കിലും എല്ലാ സമ്മര്‍ദങ്ങളില്‍ നിന്നും മുക്തനായി സ്വകാര്യ നിമിഷങ്ങള്‍ ആസ്വദിക്കുന്ന കോലിയാണ് വിഡിയോയില്‍. 2024 ലെ ടി20 ലോകകപ്പിന് ശേഷവും അദ്ദേഹം ലണ്ടനിലെത്തിയിരുന്നു. മുന്‍പ് ലണ്ടനിലെ ഒരു ചാപ്പലില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന കോലിയുടെയും അനുഷ്കയുടെയും ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരി 15ന് രണ്ടാമത്തെ കുട്ടി അകായ്ക്ക് അനുഷ്ക ശർമ ജന്മം നൽകിയതും ലണ്ടനിലായിരുന്നു.