രാജ്യാന്തര മല്‍സരങ്ങള്‍ നടത്തുന്നതിനാവശ്യമായ നിലവാരം പാക്കിസ്ഥാനിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ക്കില്ലെന്ന് പിസിബി തലവന്‍റെ കുറ്റസമ്മതം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പിസിബി തലവനായ മുഹ്സിന് നഖ്വി പറഞ്ഞത്. 'അജഗജാന്തര വ്യത്യാസമാണ് ലോകത്തെ മറ്റിടങ്ങളിലുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങളും നമ്മുടെ സ്റ്റേഡിയങ്ങളും തമ്മില്‍. ഒരെണ്ണം പോലും രാജ്യാന്തര നിലവാരത്തിലുള്ളതല്ല. മതിയായ ശുചിമുറികളോ, ആരാധകര്‍ക്ക് ഇരിക്കാനുള്ള സീറ്റോ പോലും ഇല്ല. സ്റ്റേഡിയത്തില്‍ നിന്ന് കളി കണ്ടാല്‍ അരക്കിലോ മീറ്റര്‍ ദൂരെ ഇരുന്ന് കാണുന്ന പ്രതീതി'യാണ് ഉള്ളതെന്നും അദ്ദേഹം തുറന്നടിച്ചു. സ്റ്റേഡിയങ്ങള്‍ നവീകരിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും നഖ്വി പറഞ്ഞു.
ഗദ്ദാഫി സ്റ്റേഡിയത്തില്‍ വച്ച് ചാംപ്യന്‍സ് ട്രോഫിയുടെ പ്രധാന മല്‍സരങ്ങള്‍ നടത്താനാകുമെന്നും സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലുള്ളതാക്കുന്നതിനൊപ്പം പരിസരത്തായി മെച്ചപ്പെട്ട ഹോട്ടലുകള്‍ നിര്‍മിക്കുമെന്നും ഇതോടെ കളിക്കാരുടെ യാത്രാ പ്രശ്നം കുറയ്ക്കാനാകുമെന്നും അദ്ദേഹം അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രാപ്പകലില്ലാതെ പണി നടക്കുകയാണെന്നും പാക്കിസ്ഥാനിലെ സ്റ്റേഡിയങ്ങളെ ലോകോത്തര നിലവാരത്തിലുള്ളതാക്കുകയാണ് ലക്ഷ്യമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ സ്റ്റേഡിയത്തിലൊരുക്കുന്നതിനാണ് പ്രാമുഖ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1700 കോടി പാക്കിസ്ഥാന്‍ രൂപയാണ് സ്റ്റേഡിയം നവീകരണങ്ങള്‍ക്കായി പാക്ക് ക്രിക്കറ്റ് ബോര്‍ഡ് നീക്കിവച്ചിരിക്കുന്നത്. ചാംപ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ നടക്കുന്ന മൂന്ന് പ്രധാന സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായാണ് ഈ തുക വിനിയോഗിക്കുക.
അതേസമയം, ഇന്ത്യ പാക്കിസ്ഥാനിലെത്തി കളിക്കുമോ എന്നത് സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ നിന്ന് ചില മല്‍സരങ്ങളെങ്കിലും മാറ്റിയേക്കുമോ എന്ന ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്. പത്തുവര്‍ഷത്തോളമായി ഇന്ത്യയും പാക്കിസ്ഥാനും മാത്രമായി പരമ്പര നടന്നിട്ടില്ല. പക്ഷേ 2023 ലെ ഏകദിന ലോകകപ്പ് മല്‍സരങ്ങള്‍ക്കായി പാക് താരങ്ങള്‍ ഇന്ത്യയിലെത്തിയിരുന്നു.