മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിങ്സിനും കേരളത്തില്‍ ഒട്ടേറെ കരുണ്ടെങ്കിലും ഇന്നലെ മലയാളികളുടെ കണ്ണുകള്‍ ഒരു കളിക്കാരനില്‍ മാത്രമായിരുന്നു. രോഹിത് ശർമയ്ക്കു പകരം മുംബൈ ഇന്ത്യൻസിന്റെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയ മലയാളി താരം വിഘ്നേഷ് പുത്തൂർ എന്ന കളിക്കാരനായിരുന്നു മല്ലൂസിന്റെ ശ്രദ്ധാകേന്ദ്രം.
ഐപിഎല്‍ പോലൊരു മെഗാ ടൂര്‍ണമെന്റില്‍ സ്വപ്നതൂല്യമായ തുടക്കമാണ് വിഘ്നേഷിനു ലഭിച്ചത്. ചെന്നൈ സൂപ്പർ കിങ്സിന്റെ 3 വിലപ്പെട്ട വിക്കറ്റുകളാണ് താരം പിഴുതത്. ചൈനാമാൻ ബോളറായ വിഘ്നേഷ് ബോൾ ചെയ്ത ആദ്യ ഓവറിൽ വീണത് ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്. രണ്ടാം ഓവറിൽ ശിവം ദുബെയും പിന്നാലെ ദീപക് ഹൂഡയും വിഘ്നേഷിന്‍റെ ഇടംകൈ ലെഗ്സ്പിന്നിനു മുന്നിൽ കീഴടങ്ങി. മത്സരം ചെന്നൈ ജയിച്ചെങ്കിലും കളിയിൽ ശ്രദ്ധേയമായ പ്രകടനമായിരുന്നു ഇരുപത്തിനാലുകാരൻ വിഘ്നേഷിന്റേത്. കളി അവസാനിച്ച ശേഷം എംഎസ് ധോണി താരത്തിനു സമീപമെത്തി തോളില്‍ തട്ടി അഭിനന്ദിച്ചു. കയ്യടികളോടെയാണ് സ്റ്റേഡിയം ഈ രംഗത്തെ സ്വീകരിച്ചത്.
Read Also: രക്ഷകനായി രചിന്‍; ത്രില്ലര്‍ പോരില്‍ ചെന്നൈയ്ക്ക് ജയം
സീനിയർ തലത്തിൽ കേരളത്തിനായി ഒരു മത്സരം പോലും കളിക്കാതെയാണ് വിഘ്നേഷ് ഇത്തവണത്തെ ഐപിഎലിൽ മുംബൈ ഇന്ത്യൻസിലെത്തിയത്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് വിഘ്നേഷിനെ മുബൈ ടീമിലെടുക്കാൻ കാരണം, കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ആലപ്പി റിപ്പിൾസിനായി നടത്തിയ മികച്ച പ്രകടനമാണ്.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ് മീഡിയം പേസറായാണ് ക്രിക്കറ്റിലെത്തിയത്. പ്രാദേശിക പരിശീലകനായ മുഹമ്മദ് ഷെരീഫാണ് വിഘ്നേഷിനെ ചൈനാമാൻ പന്തുകളെറിയാൻ പ്രേരിപ്പിച്ചത്. തൃശൂർ സെന്റ് തോമസ് കോളജ് വിദ്യാർഥിയായ വിഘ്നേഷ് കേരള കോളജ് പ്രിമിയർ ലീഗിൽ നടത്തിയ മികച്ച പ്രകടനം വഴിയാണു കെസിഎലിലെത്തിയത്.