ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മല്‍സരത്തില്‍ ശ്രേയസ് അയ്യര്‍ക്ക് മൂന്നുറണ്‍സിന് സെഞ്ചുറി നഷ്ടമായെങ്കിലും നായകന്റെ നിസ്വാര്‍ഥ പ്രകടനം ടീമിന് ആദ്യ ജയം സമ്മാനിച്ചു. സെഞ്ചുറിക്കായി സിംഗിളെടുത്ത് സ്ട്രൈക്ക് കൈമാറേണ്ട ആവശ്യമില്ലന്ന് ശ്രേയസ് സഹതാരം ശശാങ്ക് സിങ്ങിനോട് നിര്‍ദേശിക്കുകയായിരുന്നു.
ഗുജറാത്തിനെതിരെ ആദ്യം ബാറ്റുചെയ്ത പഞ്ചാബ് 19 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയില്‍. അവസാന ഓവറില്‍ നോണ്‍സ്ട്രൈക്കര്‍ എന്‍ഡില്‍ 97 റണ്‍സുമായി നായകന്‍ ശ്രേയസ്. ബാറ്റുചെയ്യുന്നത് 10 പന്തില്‍ 22 റണ്‍സെടുത്തുനില്‍ക്കുന്ന ശശാങ്ക സിങ്ങ്. വേണമെങ്കില്‍ സിംഗിളെടുക്കാന്‍ ആവശ്യപ്പെട്ട്, ശ്രേയസ് അയ്യര്‍ക്ക് സഞ്ജുവിന് ശേഷം ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ബാറ്ററാകാമായിരുന്നു. പക്ഷേ പരമാവധി റണ്‍സ് അടിച്ചെടുക്കാന്‍ നായകന്‍ ശശാങ്കിനോട് ആവശ്യപ്പെട്ടു. തന്റെ സെഞ്ചുറിയല്ല ടീമിന്റെ ജയമാണ് പ്രധാനമെന്നും ഓര്‍പ്പിച്ചിച്ചു. നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ ക്യാപ്റ്റനെ സാക്ഷിനിര്‍ത്തി ശശാങ്ക് അവസാന ഓവറില്‍ നേടിയത് അഞ്ച് ഫോര്‍ അടക്കം 23 റണ്‍സ്. റണ്‍മഴ പെയ്ത മല്‍സരത്തില്‍ പഞ്ചാബിന്റെ ജയം 11 റണ്‍സിനും. ഡല്‍ഹി നായകനായുള്ള അരങ്ങേറ്റത്തില്‍ ശ്രേയസിന് സെഞ്ചുറി നഷ്ടമായത് ഏഴ് റണ്‍സിന്. അന്ന് 93 റണ്‍സുമായി പുറത്താകാതെ നിന്നു. നായകനായുള്ള അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ചുറി നേടിയ ഏകതാരം സഞ്ജു സാംസണാണ്. 2021ല്‍ പഞ്ചാബിനെതിരെ നേടിയത് 119 റണ്‍സ്.