2021ലെ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയില്‍ പരുക്കിന്റെ പിടിയിലേക്ക് ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍ വീണപ്പോഴായിരുന്നു ടി നടരാജന്‍ റെഡ് ബോള്‍ ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. പരമ്പരയിലെ ഗബ്ബ ടെസ്റ്റില്‍ നടരാജന്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടി. ആദ്യ ഇന്നിങ്സില്‍ മൂന്ന് വിക്കറ്റ് പിഴുത് നടരാജന്‍ അരങ്ങേറ്റം മോശമാക്കിയുമില്ല. എന്നാല്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് അകന്ന് നില്‍ക്കുകയല്ലാതെ തനിക്ക് മുന്‍പില്‍ ഇനി വേറെ വഴിയില്ലെന്ന് പറയുകയാണ് നടരാജന്‍ ഇപ്പോള്‍.
അവസാനമായി ഞാന്‍ റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ചിട്ട് നാല് വര്‍ഷമാകുന്നു. റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ എനിക്ക് ഇഷ്ടമല്ലാഞ്ഞിട്ടല്ല. പക്ഷെ അതെന്റെ ജോലിഭാരം കൂട്ടുന്നു. ഇപ്പോള്‍ ഞാന്‍ റെഡ് ബോള്‍ ക്രിക്കറ്റ് അവഗണിക്കുകയാണ്. വര്‍ക്ക് ലോഡ് കൂടുമ്പോള്‍ എന്റെ കാല്‍മുട്ടിന്റെ പ്രശ്നം വര്‍ധിക്കുന്നു. അതിനാല്‍ ടെസ്റ്റ് കളിക്കുന്നത് ഞാന്‍ അവസാനിപ്പിക്കുന്നു, നടരാജന്‍ പറയുന്നു.
വൈറ്റ് ബോള്‍ ക്രിക്കറ്റിനേക്കാള്‍ എനിക്ക് ഇഷ്ടം റെഡ് ബോള്‍ ക്രിക്കറ്റാണ്. ഏതാനും വര്‍ഷം കഴിഞ്ഞാല്‍ ചിലപ്പോള്‍ എനിക്ക് കളിക്കാന്‍ കഴിഞ്ഞേക്കും. അടുത്ത രണ്ട് വര്‍ഷം നന്നായി പരിശീലനം നടത്തിയാല്‍ തിരിച്ചുവരാനായേക്കും എന്നും നടരാജന്‍ പറഞ്ഞു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് റണ്ണേഴ്സ് അപ്പ് ആയപ്പോള്‍ നടരാജനും ബോളിങ്ങില്‍ തിളങ്ങിയിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റാണ് നടരാജന്‍ വീഴ്ത്തിയത്. ഇക്കണോമി 9.05. ഇന്ത്യക്കായി രണ്ട് ഏകദിനവും നാല് ട്വന്റി20യുമാണ് നടരാജന്‍ ഇതുവരെ കളിച്ചിട്ടുള്ളത്.