hasan-mahmud

ഫോട്ടോ: എഎഫ്പി

ചെന്നൈ ടെസ്റ്റില്‍ ബംഗ്ലാദേശ് ഫാസ്റ്റ് ബോളര്‍ ഹസന്‍ മഹ്മൂദിന് മുന്‍പില്‍ വിറച്ച് ഇന്ത്യന്‍ ബാറ്റേഴ്സ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മൂന്നാമനായി ഇറങ്ങിയ ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ ആദ്യ 10 ഓവറിന് ഉള്ളില്‍ ഹസന്‍ മഹ്മൂദ് വീഴ്ത്തയത്. ഇതോടെ 10 ഓവറിലേക്ക് കളി എത്തിയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സ് എന്ന സ്കോറിലേക്ക് ഇന്ത്യ വീണു. 

rohit-sharma

19 പന്തില്‍നിന്ന് ആറ് റണ്‍സ് എടുത്ത് നില്‍ക്കെയാണ് രോഹിത്തിനെ ഹസന്‍ വീഴ്ത്തുന്നത്. ആറാം ഓവറിലെ ആദ്യ പന്തില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച രോഹിത്തിന്റെ ബാറ്റിലുരസി പന്ത് സെക്കന്‍ഡ് സ്ലിപ്പില്‍ നജ്മുലിന്റെ കൈകളിലേക്ക് എത്തി. എട്ട് പന്തില്‍ ഡക്കായാണ് ശുഭ്മാന്‍ ഗില്‍ മടങ്ങിയത്. ഫ്ളിക്ക് ചെയ്യാന്‍ ശ്രമിച്ച ഗില്ലിന്റെ ശ്രമം പാളി പന്ത് എഡ്ജ് ചെയ്ത് വിക്കറ്റ് കീപ്പര്‍ ലിറ്റന്‍ ദാസിന്റെ കൈകളിലേക്ക് എത്തി. ഇതോടെ 28-2 എന്ന നിലയിലേക്ക് ഇന്ത്യ വീണു. 

തന്റെ അടുത്ത ഓവറില്‍ കോലിയാണ് ഹസന് മുന്‍പില്‍ ഇരയായത്. ആറ് പന്തില്‍ നിന്ന് ആറ് റണ്‍സ് എടുത്ത് നില്‍ക്കെ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച കോലിക്ക് പിഴച്ചു. ബാറ്റിലുരസി പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. ആദ്യ ദിനം ആദ്യ സെഷനില്‍ ഡ്രിങ്ക്സിന്റെ ഇടവേളയിലേക്ക് എത്തുമ്പോള്‍ യശസ്വി ജയ്സ്വാളും ഋഷഭ് പന്തുമാണ് ഇന്ത്യന്‍ ഇന്നിങ്സിനെ കരകയറ്റാന്‍ ശ്രമിക്കുന്നത്. 700 ദിവസങ്ങള്‍ക്ക് ശേഷമാണ് ഋഷഭ് പന്ത് ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത്. 

ENGLISH SUMMARY:

Indian batsmen trembled in front of Bangladesh fast bowler Hasan Mahmood in Chennai Test. Hasan Mahmood took the wickets of captain Rohit Sharma, Shubman Gill, who came out third, and Virat Kohli within the first 10 overs of the Indian innings