രഹാനെയ്ക്ക് പകരം അഞ്ചാം നമ്പര്‍ ബാറ്റിങ് പൊസിഷനില്‍ ഇന്ത്യ പരിഗണിച്ചിരുന്ന താരങ്ങളില്‍ മുന്‍പിലുണ്ടായിരുന്നു ശ്രേയസ് അയ്യര്‍. എന്നാല്‍ ഇംഗ്ലണ്ടിന് എതിരായ പരമ്പരയ്ക്കിടയില്‍ ടെസ്റ്റ് ടീമില്‍ നിന്ന് സ്ഥാനം നഷ്ടമായ ശ്രേയസിന് പിന്നെ താളം കണ്ടെത്താനായിട്ടില്ല. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്കെതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതോടെ ശ്രേയസിന് മുന്‍പിലെ വാതിലുകള്‍ അടയുകയാണ്. ഈ സമയം മറുവശത്ത് സഞ്ജു സാംസണ്‍ ദുലീപ് ട്രോഫിയിലൂടെ സിലക്ടര്‍മാരുടെ ശ്രദ്ധ ക്ഷണിക്കുകയുമാണ്.

ഇന്ത്യ ബി ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ ടോസ് നേടി ഇന്ത്യ ഡിക്കെതിരെ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കലും കെ.എസ്.ഭരതും ചേര്‍ന്ന് ഇന്ത്യ ഡിക്കായി 105 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി.എന്നാല്‍ ഈ കൂട്ടുകെട്ട് തകര്‍ന്നതിന് പിന്നാലെ 69 റണ്‍സിനിടെ നാല് വിക്കറ്റാണ് ഇന്ത്യ ഡിക്ക് നഷ്ടമായത്. സഞ്ജു സാംസണ്‍ ക്രീസിലേക്ക് എത്തുന്നത് ഇന്ത്യ ഡി നാല് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍. 

ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 83 പന്തില്‍ നിന്ന് 89 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയാണ് സഞ്ജു. 10 ബൗണ്ടറിയും മൂന്ന് സിക്സുമാണ് ഇന്നിങ്സില്‍ ഇതുവരെ സഞ്ജുവിന്‍റെ ബാറ്റില്‍ പിറന്നത്. രണ്ടാം ദിനം ബാറ്റിങ്ങിന് ഇറങ്ങുന്ന സഞ്ജു തന്‍റെ കരിയറിലെ 11ാം ഫസ്റ്റ് ക്ലാസ് സെഞ്ചറിയാണ് ലക്ഷ്യമിടുന്നത്. ദുലീപ് ട്രോഫിയില്‍ ഇഷാന്‍ കിഷന് പകരക്കാരനായിട്ടാണ് സഞ്ജു ടീമിലേക്ക് എത്തിയത്. രണ്ട് വട്ടം പൂജ്യത്തിന് പുറത്താവുകയും ചെയ്തിരുന്നു. ഇന്ത്യ ബിക്കെതിരായ മികച്ച ബാറ്റിങ്ങിന്‍റെ ബലത്തില്‍ ബംഗ്ലാദേശിന് എതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. 

ഇന്ത്യ ഡി ക്യാപ്റ്റനായ ശ്രേയസിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നതിനുള്ള സുവര്‍ണാവസരമായിരുന്നു ദുലീപ് ട്രോഫി. അടുത്ത നാല് മാസത്തില്‍ ഇന്ത്യ 10 ടെസ്റ്റുകള്‍ കളിക്കുന്നുണ്ടെങ്കിലും ഈ വര്‍ഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വരാനുള്ള സാധ്യതകള്‍ ശ്രേയസിന് മുന്‍പില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. ദുലീപ് ട്രോഫിയില്‍ 5 ഇന്നിങ്സില്‍ നിന്ന് 104 റണ്‍സ് മാത്രമാണ് ശ്രേയസിന് കണ്ടെത്താനായത്. ബാറ്റിങ് ശരാശരി 20.8

ENGLISH SUMMARY:

Shreyas Iyer was among the players that India considered to replace Rahane at the number five batting position. But Shreyas, who lost his place in the Test team during the series against England, has not been able to find his rhythm yet.