ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടായിരുന്നു ബംഗ്ലാദേശ് തുടങ്ങിയത്. 10 ഓവറിലേക്ക് ഇന്ത്യന്‍ ഇന്നിങ്സ് എത്തിയപ്പോഴേക്കും രോഹിത്തും ഗില്ലും കോലിയും ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചെത്തി. 34-3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 എന്ന സ്കോറിലേക്ക് എത്തിക്കാന്‍ ബംഗ്ലാദേശിനായെങ്കിലും അശ്വിനും ജഡേജയും ചേര്‍ന്ന് സന്ദര്‍ശകരുടെ കയ്യില്‍ നിന്ന് കളി തട്ടിയെടുത്തു. അശ്വിന്റേയും ജഡേജയുടേയും കൂട്ടുകെട്ട് മാത്രമല്ല ആദ്യദിനം ബംഗ്ലാദേശിന് കല്ലുകടിയാകുന്നത്. കുറഞ്ഞ ഓവര്‍ നിരക്കിന് ഐസിസിയുടെ കനത്ത നടപടിയും ബംഗ്ലാദേശ് നേരിടേണ്ടി വരും.
നിശ്ചിത സമയത്തിലും അര മണിക്കൂര്‍ അധികം ബോളിങ്ങില്‍ ബംഗ്ലാദേശിന് ലഭിച്ചെങ്കിലും പൂര്‍ത്തിയാക്കേണ്ട ഓവറില്‍ നിന്ന് 10 ഓവര്‍ കുറവ്. കഴിഞ്ഞ മാസം ഇതേ പ്രശ്നത്തിന് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ മൂന്ന് പോയിന്റാണ് ബംഗ്ലാദേശിന് നഷ്ടപ്പെട്ടത്. മാച്ച് ഫീയുടെ 15 ശതമാനവും പിഴയായി വിധിച്ചിരുന്നു. പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നായിരുന്നു ഇത്.
ചെന്നൈ ടെസ്റ്റിന്റെ ആദ്യ ദിനം 80 ഓവറാണ് ബംഗ്ലാദേശ് ബോള്‍ ചെയ്തത്. പൂര്‍ത്തിയാക്കേണ്ടിയിരുന്നത് 90 ഓവറും. ആദ്യസെഷനില്‍ അവര്‍ 23 ഓവറും രണ്ടാ സെഷനില്‍ 25 ഓവറും അവസാന സെഷനില്‍ 32 ഓവറുമാണ് എറിഞ്ഞത്. അരമണിക്കൂര്‍ അധികം നല്‍കിയിട്ടും ബംഗ്ലാദേശ് 80 ഓവര്‍ ആണ് ബോള്‍ ചെയ്തത്. ഇത് അംഗീകരിക്കാനാവാത്തതാണ് എന്നാണ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ് ലെ എക്സില്‍ കുറിച്ചത്.
ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ പ്ലേയിങ് കണ്ടീഷന്‍ ചട്ടം 16.11.2 പ്രകാരം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കേണ്ടതില്‍ നിന്ന് എത്ര ഓവര്‍ കുറവാണോ അത്രയും പോയിന്റായിരിക്കും പോയിന്റ് പട്ടികയില്‍ നിന്ന് കുറയ്ക്കുക. നിലവില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നാലാമതാണ് ബംഗ്ലാദേശ്. ആറ് മത്സരങ്ങളില്‍ നിന്ന് 33 പോയിന്റ്. പോയിന്റ് ശതമാനം 45.83.