ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കുന്നതിനിടെ സഹതാരമായ രവീന്ദ്ര ജഡേജയെ വാനോളം പുകഴ്ത്തി ആര്‍. അശ്വിന്‍. പ്രതിഭാസമ്പന്നനായ കളിക്കാരനാണ് ജഡേജയെന്നും അതുപോലെ ആകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിച്ചിട്ടുണ്ടെന്നും അശ്വിന്‍ വെളിപ്പെടുത്തി. കടുത്ത ആരാധനയോടെയും ലേശം അസൂയയോ‌ടെയുമാണ് ജഡേജയുടെ കളി താന്‍ കാണുന്നതെന്നും അത്രയധികം കഴിവുള്ള താരമാണെന്നും അശ്വിന്‍ പ്രശംസിച്ചു. സാധ്യതകളെ എങ്ങനെ പരമാവധിയിലേക്ക് എത്തിക്കണമെന്നും അതിനായി എങ്ങനെ പ്രയത്നിക്കണമെന്നും ജഡേജയ്ക്ക് അറിയാമെന്നും അനായാസമാണ് അത് ചെയ്യുന്നതെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ചെപ്പോക്കില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ജഡേജയുടെ പിന്തുണ വളരെയധികം സഹായിച്ചുവെന്നും ടെസ്റ്റിലെ ആറാം സെഞ്ചറിയില്‍ ആ പങ്ക് മറക്കാനാവുന്നതല്ലെന്നും അശ്വിന്‍ പറഞ്ഞു. ചെപ്പോക്കില്‍ ഇരുവരും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിങിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് അശ്വിന്‍ സന്തോഷം പ്രകടിപ്പിച്ചത്.

അസാധാരണമാംവിധം മികച്ച കളിക്കാരനാണ് ജഡേജ. ലൈനിലും ലെങ്തിലുമുള്ള നേരിയ മാറ്റങ്ങളില്‍ വരെ ജഡേജ പുലര്‍ത്തുന്ന ശ്രദ്ധ പ്രശംസനീയമാണ്. രാപ്പകലെന്യെ പന്തെറിയാന്‍ ജഡേജയ്ക്ക് കഴിയും. ഒന്നിച്ച് വളരുന്നതിന്‍റെ സന്തോഷം താരത്തില്‍ നിന്നാണ് താന്‍ കൂടുതലായി പഠിച്ച‌‌തെന്നും വിജയങ്ങളില്‍ പരസ്പരം സന്തോഷിക്കാനും കളി മെച്ചപ്പെടുത്താനും ഒപ്പം നില്‍ക്കാറുണ്ടെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റിന്‍റെ ആദ്യദിനം 199 റണ്‍സാണ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും അടിച്ചുകൂട്ടിയത്. 144/ 6 നിലയില്‍ നിന്നും 376 എന്ന സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചതും ഈ പോരാട്ടവീര്യമായിരുന്നു. അശ്വിന്‍ സെഞ്ചറിയും ജഡേജ അര്‍ധ സെഞ്ചറിയും നേടിയിരുന്നു. ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിവസം 287/4 നാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. ബംഗ്ലദേശിന് 515 റണ്‍സിന്‍റെ വിജയലക്ഷ്യം. മൂന്നാം ദിനം ശുഭ്മന്‍ ഗില്‍ 176 പന്തില്‍ നിന്ന് 119 റണ്‍സും റിഷഭ് പന്ത് 109 (128 പന്ത്) റണ്‍സും നേടി.

ENGLISH SUMMARY:

So gifted, so talented, I always envy him-He's found ways to maximise his potential. I wish I could be him, but I'm glad I am myself, Crickter R. Ashwin on Ravindra Jadeja.