ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ടെസ്റ്റിന് മുന്‍പ് ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലെ സുരക്ഷാ പ്രശ്നം ചൂണ്ടി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. സ്റ്റേഡിയത്തിലെ ഒരുഭാഗത്തെ സ്റ്റാന്‍ഡ് തകര്‍ന്നു വീണേക്കാം എന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ സ്റ്റേഡിയത്തില്‍ കുരങ്ങുകള്‍ കാണികളെ അലോസരപ്പെടുത്താനുള്ള സാധ്യത കണക്കിലെടുത്ത് ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്വീകരിച്ച നടപടിയാണ് ചര്‍ച്ചയാവുന്നത്.
കാണികളുടെ ഭക്ഷണം, മൊബൈല്‍ ഫോണ്‍ എന്നിവ കുരങ്ങുകള്‍ തട്ടിപ്പറിക്കാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന് ഹനുമാന്‍ കുരങ്ങുകളെയാണ് ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ നിയോഗിച്ചത്. ഹനുമാന്‍ കുരുങ്ങുകള്‍ക്കൊപ്പം ഹനുമാന്‍ കുരങ്ങുകളെ നിയന്ത്രിക്കുന്നതിനുള്ള ആളുകളും ഉണ്ടാകും. ഹനുമാന്‍ കുരങ്ങുകളെ ഉപയോഗിച്ച് സ്റ്റേഡിയത്തിലെത്തുന്ന മറ്റ് കുരങ്ങുകളെ ഓടിക്കുകയാണ് ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്.
കുരങ്ങുകളെ കൊണ്ടുള്ള ശല്യം ഒഴിവാക്കാന്‍ ഞങ്ങള്‍ ഹനുമാന്‍ കുരങ്ങുകളെ ഉപയോഗിക്കുന്നു, സ്റ്റേഡിയം ഡയറക്ടറായ സഞ്ജയ് കപൂര്‍ പറയുന്നു. ബ്രോഡ്കാസ്റ്റേഴ്സിന്റെ ക്യാമറാമാന്മാര്‍ക്കും കുരങ്ങുകള്‍ വലിയ ഭീഷണിയാകുന്നതായി അദ്ദേഹം പറഞ്ഞു.
കളിയിലേക്ക് വരുമ്പോള്‍ ആദ്യ ദിനം ബംഗ്ലാദേശ് 29-2ലേക്ക് വീണെങ്കിലും മഴ കളി മുടക്കി എത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എന്ന ഭേദപ്പെട്ട നിലയിലാണ് ബംഗ്ലാദേശ്. 40 റണ്‍സോടെ പുറത്താവാതെ നില്‍ക്കുന്ന മോമിനുല്‍ ഹഖിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ. ക്യാപ്റ്റന്‍ നജ്മുല്‍ ഷാന്‍റോ 31 റണ്‍സിന് പുറത്തായി. ഇന്ത്യക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റും അശ്വിന്‍ ഒരു വിക്കറ്റും ഇതുവരെ വീഴ്ത്തി.