image: X

ഇന്ത്യന്‍ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാന്‍റെ സഹോദരനും ക്രിക്കറ്റ് താരവുമായ മുഷീര്‍ഖാന് വാഹനാപകടത്തില്‍ പരുക്ക്. കാന്‍പുരില്‍ നിന്നും ലക്നൗവിലേക്ക് പിതാവ് നൗഷാദ് ഖാനുമൊത്ത് യാത്രചെയ്യുന്നതിനിടെ അസംഗഡില്‍ വച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. കഴുത്തിന് സാരമായി പരുക്കേറ്റതോടെ മുഷീറിന് ഇറാനി കപ്പും രഞ്ജി ട്രോഫിയുടെ ആദ്യ റൗണ്ടുകളും നഷ്ടമാകും. ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ചുവരെയാണ് ഇറാനി കപ്പ്. രഞ്ജി മല്‍സരങ്ങള്‍ക്ക് ഒക്ടോബര്‍ 11നും തുടക്കമാകും. മൂന്ന് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ താരത്തിന് നിര്‍ദേശിച്ചിരിക്കുന്നത്. 

മുഷീര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ച്യൂണര്‍ മീഡിയനിലേക്ക് ഇടിച്ചുകയറി തലകുത്തനെ മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മുഷീറിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എത്രയും വേഗം മുഷീര്‍ മുംബൈയിലേക്ക് മടങ്ങുമെന്നും അവിടെ ബിസിസിഐ നിര്‍ദേശിക്കുന്ന ആശുപത്രിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് എടുക്കുമെന്നുമാണ് വിവരങ്ങള്‍.  

ഓസ്ട്രേലിയന്‍ പര്യടനത്തിനായുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടം പിടിക്കുന്നത് സ്വപ്നം കണ്ടിരിക്കവേയാണ് 19കാരനായ മുഷീര്‍ പരുക്കേറ്റ് വിശ്രമത്തിലാകുന്നത്. മൂന്ന് ടെസ്റ്റ് മല്‍സരങ്ങളാണ് ഇതിലുണ്ടായിരുന്നത്. രഞ്ജി ക്വാര്‍ട്ടര്‍ ഫൈനലിലെ ഇരട്ട സെഞ്ചറിക്കും ഫൈനലിലെ സെഞ്ചറിക്കും പുറമെ കഴിഞ്ഞ ദിവസത്തെ 181 റണ്‍സ് പ്രകടനവും കൊണ്ട് ടീമില്‍ താരം ഇടം ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിരുന്നു. ദുലീപ് ട്രോഫി, ഇറാനി കപ്പ് എന്നിവയിലെ പ്രകടനങ്ങള്‍ കണക്കിലെടുത്താണ് ടീമിനെ അന്തിമമായി തീരുമാനിക്കുന്നത്. മുഷീറും സ്പിന്നര്‍ മാനവ് സുതറുമായിരുന്നു ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പേ ടീമിലിടം പിടിച്ച രണ്ടുപേര്‍. പരുക്കേറ്റതോടെ ഓസ്ട്രേലിയന്‍ പര്യടന മോഹവും പ്രതിസന്ധിയിലായിരിക്കുകയാണ്. 

മുംബൈ താരമായ മുഷീര്‍ ദുലീപ് ട്രോഫിയില്‍ ഇന്ത്യ സിയ്ക്ക് വേണ്ടി 181 റണ്‍സ് സ്കോര്‍ ചെയ്തിരുന്നു. ശുഭ്മന്‍ ഗില്ലും കുല്‍ദീപും ആവേശ്ഖാനുമടങ്ങുന്ന ഇന്ത്യ എ ടീമിനെതിരെയായിരുന്നു മുഷീറിന്‍റെ പ്രകടനം. ഇതുവരെ ഒന്‍പത് ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി മൂന്ന് സെഞ്ചറികളും ഒരു അര്‍ധ സെഞ്ചറിയുമാണ് മുഷീറിന്‍റെ സമ്പാദ്യം. 

ENGLISH SUMMARY:

Musheer Khan brother of Indian cricket team star Sarfaraz Khan, got injured in a road accident in Uttar Pradesh. He has suffered neck injuries and is expected to miss Irani cup and a few Ranji Trophy games too.