ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 10 പരമ്പരകളിലായി 26 ടെസ്റ്റുകളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ഫൈനലിലെത്താനുള്ള രണ്ട് സ്ഥാനത്തിനായി പോര് മുറുകി കഴഞ്ഞു. നിലവില്‍ 74.24 പോയിന്റ് ശതമാനത്തോടെ ഇന്ത്യയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്. ഫൈനലില്‍ എത്താന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ടീമുകള്‍ക്ക് മുന്‍പിലെ വഴികള്‍ ഇങ്ങനെ...

ശ്രീലങ്ക

55.56 ആണ് ശ്രീലങ്കയുടെ പോയിന്‍റ്  ശതമാനം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ട് ടെസ്റ്റുകളും ഓസ്ട്രേലിയക്കെതിരായ രണ്ട് ടെസ്റ്റുകളുമാണ് ശ്രീലങ്കയ്ക്ക് ഇനി കളിക്കാനുള്ളത്. അവസാന രണ്ട് ടെസ്റ്റില്‍ നിന്ന് 24 പോയിന്‍റ് സ്വന്തമാക്കിയാല്‍ ശ്രീലങ്കയ്ക്ക് ആദ്യ രണ്ടു ടീമുകളിലൊന്നാകാം. രണ്ട് ടെസ്റ്റ് പരമ്പരകളും ജയിച്ച് 48 പോയിന്‍റും സ്വന്തമാക്കിയാല്‍ മറ്റ് ടീമുകളുടെ മത്സര ഫലത്തെ ആശ്രയിക്കാതെ ശ്രീലങ്കയ്ക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് എത്താം. ഒരു ടെസ്റ്റ് തോല്‍ക്കുകയും മറ്റ് മൂന്നിലും ജയിച്ചാല്‍ 61.54 ആയിരിക്കും ശ്രീലങ്കയുടെ പോയിന്‍റ് ശതമാനം. ഇങ്ങനെ വന്നാല്‍ മറ്റ് ടീമുകളുടെ മത്സരത്തെ ഫലത്തെ ശ്രീലങ്കയ്ക്ക് ആശ്രയിക്കേണ്ടി വരും. 

ഇന്ത്യ 

കാണ്‍പൂര്‍ ടെസ്റ്റിലെ ബംഗ്ലാദേശിന് എതിരായ ജയം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. ഇനി എട്ട് ടെസ്റ്റുകളാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. എട്ടിലും ജയിച്ചാല്‍ ഇന്ത്യയുടെ പോയിന്‍റ് ശതമാനം 85.09ലേക്ക് എത്തും. മറ്റ് ടീമുകളുടെ മത്സര ഫലത്തെ ആശ്രയിക്കാതെ ഫൈനലിലേക്ക് ഇന്ത്യക്ക് എത്താനാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റ് ടീമുകളുടെ മത്സര ഫലത്തെ ആശ്രയിക്കാതെ ഫൈനലില്‍ എത്തണം എങ്കില്‍ ഇനിയുള്ള എട്ട് ടെസ്റ്റില്‍ നാലെണ്ണത്തിലെങ്കിലും ജയിക്കുകയും രണ്ട് സമനില വരികയും വേണം. അങ്ങനെ വന്നാല്‍ ഇന്ത്യക്ക് 56 പോയിന്‍റ് ലഭിക്കും. പോയിന്‍റ് ശതമാനം 69.44ലേക്കും എത്തും. ഇനിയുള്ള ആറ് ടെസ്റ്റിലില്‍ ഓരോന്നും ജയിക്കുകയും ഓസ്ട്രേലിയക്ക് 64.04ല്‍ എത്താനെ സാധിക്കുന്നുള്ളൂ എങ്കിലും ഇന്ത്യക്ക് വഴി തെളിയും. 

56 പോയിന്‍റില്‍‍ താഴെയാണെങ്കില്‍ ഇന്ത്യക്ക് ഫൈനലില്‍ എത്താന്‍ സാധിക്കില്ല. നാല് ജയവും രണ്ട് സമനിലയുമാണ് എങ്കില്‍ 52 ആയിരിക്കും ഇന്ത്യയുടെ പോയിന്‍റ്. ഇതോടെ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യയെ മറികടക്കാന്‍ അവസരം തെളിയും. 

ബംഗ്ലാദേശ്

34.38 ആണ് ബംഗ്ലാദേശിന്‍റെ പോയിന്‍റ് ശതമാനം. വെസ്റ്റ് ഇന്‍ഡീസിന് എതിരെ രണ്ട് ടെസ്റ്റുകളും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ രണ്ട് ടെസ്റ്റുകളുമാണ് ബംഗ്ലാദേശിന് മുന്‍പില്‍ ഇനിയുള്ളത്. ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകളുടെ തോല്‍വി ബംഗ്ലാദേശിന് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. 45.83 എന്ന പോയിന്‍റ് ശതമാനത്തില്‍ നിന്ന് 34.38 എന്ന നിലയിലേക്ക് ബംഗ്ലാദേശ് വീണു. ഇനിയുള്ള നാല് ടെസ്റ്റുകളും ജയിച്ചാലും ബംഗ്ലാദേശിന്‍റെ പോയിന്‍റു ശതമാനം 56.25ലേക്ക് ആയിരിക്കും എത്തുക. ഫൈനലില്‍ ഇടം പിടിക്കാനുള്ള സാധ്യത വിരളമാണ്. 

ന്യൂസിലന്‍ഡ്

37.50 ആണ് ന്യൂസിലന്‍ഡിന്‍റെ പോയിന്‍റ് ശതമാനം. ഇന്ത്യക്കെതിരായ മൂന്ന് ടെസ്റ്റുകളും ഇംഗ്ലണ്ടിന് എതിരായ മൂന്ന് ടെസ്റ്റുകളുമാണ് ഇനി ന്യൂസിലന്‍ഡിന്‍റെ മുന്‍പിലുള്ളത്. 64.29 എന്ന പോയിന്‍റ് ശതമാനത്തിലേക്ക് എത്താനുള്ള സാധ്യതകള്‍ ന്യൂസിലന്‍ഡിന് മുന്‍പിലുണ്ട്. ഇനിയുള്ള ആറ് ടെസ്റ്റുകളും അതിനായി ന്യൂസിലന്‍ഡിന് ജയിക്കണം. എന്നാല്‍ ന്യൂസിലന്‍ഡിന്‍റെ ഇപ്പോഴത്തെ ഫോം നോക്കിയാല്‍ അതിനുള്ള സാധ്യത വിരളമാണ്. 

ഓസ്ട്രേലിയ

62.50 ആണ് ഓസ്ട്രേലിയയുടെ പോയിന്‍റ് ശതമാനം. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്‍റു പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഓസ്ട്രലിയ. ഇന്ത്യക്കെതിരായ അഞ​്ച് ടെസ്റ്റുകളും ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റുകളുമാണ് ഇനി ഓസ്ട്രേലിയയുടെ മുന്‍പിലുള്ളത്.ഇനിയുള്ള ഏഴ് ടെസ്റ്റിലും ജയിച്ചാല്‍ ഓസ്ട്രേലിയയുടെ പോയിന്‍റു ശതമാനം 76.32ലേക്ക് എത്തും. എന്നാല്‍ ഇന്ത്യക്കും ശ്രീലങ്കയ്ക്കും എതിരെ സംപൂര്‍ണവിജയമെന്നത്  ഓസ്ട്രേലിയയ്ക്ക് അത്ര എളുപ്പമാകില്ല. അഞ്ച് ടെസ്റ്റുകള്‍ ജയിച്ചാല്‍ ഓസ്ട്രേലിയയ്ക്ക് പോയിന്‍റ് ശതമാനം 65.79ലേക്ക് എത്തിക്കാം. എന്നാല്‍ അപ്പോഴും ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രലിയയെ മറികടക്കാനാവും. 

ദക്ഷിണാഫ്രിക്ക

38.89 ആണ് ദക്ഷിണാഫ്രിക്കയുടെ പോയിന്‍റ് ശതമാനം. ശ്രീലങ്കക്കെതിരെ രണ്ട് ടെസ്റ്റും പാക്കിസ്ഥാനെതിരെ രണ്ട് ടെസ്റ്റും ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുമാണ് ഇനി ദക്ഷിണാഫ്രിക്കയുടെ മുന്‍പിലുള്ളത്. ഇനിയുള്ള ആറ് ടെസ്റ്റുകളും ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയുടെ പോയിന്റ് ശതമാനം 69.44ലേക്ക് എത്തും. ഫൈനലിലേക്ക് എത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇത് മതിയാവും. ഇന്ത്യ അല്ലെങ്കില്‍ ഓസ്ട്രേലിയ്ക് മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ ഈ പോയിന്‍റ് ശതമാനത്തെ മറികടക്കാനാവുക. അഞ്ച് ടെസ്റ്റുകള്‍ ജയിക്കുകയും ഒരു സമനില വഴങ്ങുകയും ചെയ്താല്‍ അവരുടെ പോയിന്‍റ് ശതമാനം 63.89ലേക്ക് വരും. അപ്പോഴും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എത്താനുള്ള സാധ്യത ദക്ഷിണാഫ്രിക്കയ്ക്കുണ്ട്.

ENGLISH SUMMARY:

26 Tests in 10 series are now to be completed in the World Test Championship. The battle for the two place to reach the final was fierce. India currently tops the World Test Championship points table with a percentage of 74.24 points.