ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് നഷ്ടമായേക്കും. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ നിന്ന് രോഹിത് വിട്ടുനിന്നേക്കും എന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
നവംബര്‍ 22ന് പെര്‍ത്തിലാണ് ബോര്‍ഡര്‍–ഗാവസ്കര്‍ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റ്. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ വൈസ് ക്യാപ്റ്റനെ ബിസിസിഐ നിയോഗിച്ചിരുന്നില്ല. എന്നാല്‍ ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ ബുമ്രയെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ബോര്‍ഡര്‍–ഗാവസ്കര്‍ ട്രോഫിയിലും ബുമ്ര വൈസ് ക്യാപ്റ്റനാവുന്നതോടെ രോഹിത്തിന്റെ അഭാവത്തില്‍ ബുമ്ര പെര്‍ത്തില്‍ ഇന്ത്യയെ നയിക്കാനാണ് സാധ്യത.
പെര്‍ത്ത് ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ വിട്ടുനിന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വിരാട് കോലി എത്തും എന്ന നിലയില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ കോലിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് എന്ന നിലയില്‍ പോസ്റ്റുകള്‍ വന്നെങ്കിലും അതിനുള്ള സാധ്യത വിരളമാണ്. ഇതിന് മുന്‍പ് ബുമ്ര ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയത് 2022ലാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ രോഹിത്തിന്റെ അസാന്നിധ്യത്തില്‍ ബുമ്ര ടീമിനെ നയിക്കുകയായിരുന്നു. കപില്‍ ദേവിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനാവുന്ന ആദ്യ ഫാസ്റ്റ് ബോളര്‍ എന്ന നേട്ടം ഇവിടെ ബുമ്ര സ്വന്തമാക്കിയിരുന്നു.
ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ബുമ്രയെ കൂടാതെ മുന്‍പിലുള്ള താരമാണ് ശുഭ്മാന്‍ ഗില്‍. ഗില്‍ ഇതുവരെ ഇന്ത്യയുടെ റെഡ് ബോള്‍ ക്രിക്കറ്റിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വന്നിട്ടില്ലെങ്കിലും നായക സ്ഥാനത്ത് മികവ് കാണിക്കാന്‍ ഗില്ലിന് സാധിക്കും എന്ന വിശ്വാസത്തിലാണ് സെലക്ടര്‍മാര്‍. സിംബാബ്വെക്കെതിരായ അഞ്ച് ട്വന്റി20കളുടെ പരമ്പരയില്‍ ഗില്ലാണ് ഇന്ത്യയെ നയിച്ചത്. ഇതില്‍ ഇന്ത്യ 4-1ന് ജയിച്ചിരുന്നു.