sanju-six

ഫോട്ടോ: പിടിഐ

ഹൈദരാബാദില്‍ സംഹാരരൂപമണിഞ്ഞപ്പോള്‍ എട്ട് സിക്സുകളാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പറന്നത്. സഞ്ജുവെന്ന പവര്‍ ഹിറ്ററുടെ ക്ലാസും മാസും വ്യക്തമാക്കുന്ന എട്ട് സിക്സുകള്‍. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സഞ്ജുവില്‍ നിന്ന് വന്ന സിക്സുകളിലൊന്നിന് ആരാധകര്‍ കുറച്ച് കൂടുതലാണ്. ഷോര്‍ട്ട് ഓഫ് ദി ഇയര്‍ എന്നുള്‍പ്പെടെയുള്ള വിശേഷണങ്ങളാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ എട്ടാം ഓവറില്‍ വന്ന സഞ്ജുവിന്റെ ആ സിക്സ് വാരിക്കൂട്ടുന്നത്. 

ഇന്ത്യന്‍ ഇന്നിങ്സിന്റെ എട്ടാം ഓവറിലെ നാലാമത്തെ പന്ത്. തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ മുസ്തിഫിസൂറിന്റെ ഓഫ് സ്റ്റംപിന് പുറത്തായെത്തിയ ഡെലിവറി ബാക്ക് ഫൂട്ടില്‍ നിന്ന് എക്സ്ട്രാ കവറിലേക്ക് സഞ്ജു പന്ത് പറത്തി. അത്തരമൊരു അസാധ്യ ഷോട്ട് ബൗണ്ടറി ലൈന്‍ തൊടീക്കാതെ പായിക്കാന്‍ അസാധ്യ ബാറ്റര്‍ക്ക് മാത്രമേ സാധിക്കുകയുള്ളു എന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ നിറയുന്നത്. 

സഞ്ജു എന്ന പവര്‍ ഹിറ്റര്‍ എത്രമാത്രം സാങ്കേതിക തികവാര്‍ന്ന ബാറ്റര്‍ കൂടിയാണ് എന്ന് തെളിയിക്കുന്നതായിരുന്നു ഈ സിക്സ്. 22 സിക്സുകളാണ് സഞ്ജുവും സൂര്യയും ഹര്‍ദിക്കും പരാഗുമെല്ലാം ചേര്‍ന്ന് ഗ്യാലറിയിലേക്ക് പായിച്ചത്. 10ാം ഓവറിലെ സഞ്ജുവിന്റെ തൂക്കിയടി താങ്ങാനാവാതെ പോയത് ബംഗ്ലാദേശ് ബോളര്‍ റിഷാദിനും. 

ട്വന്റി20യിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചറിയാണ് സഞ്ജു തന്റെ പേരിലാക്കിയത്. 40 പന്തില്‍ നിന്ന് സെഞ്ചറി നേടിയ സഞ്ജു മടങ്ങിയത് 47 പന്തില്‍ നിന്ന് 111 റണ്‍സുമായാി. സ്ട്രൈക്ക്റേറ്റ് 236.14. 22 പന്തിലായിരുന്നു സഞ്ജു അര്‍ധ ശതകം പിന്നിട്ടത്. 

ENGLISH SUMMARY:

Sanju hit eight sixes with his bat in Hyderabad. Eight sixes that show the class and mass of Sanju. One of the sixes that came from Sanju at the Rajiv Gandhi Stadium in Hyderabad was a little too much for the fans