ഫോട്ടോ: എപി

വനിതാ ട്വന്‍റി 20 ലോകകപ്പില്‍ ഓസ്ട്രേലിയക്ക് മുന്‍പില്‍ 9 റണ്‍സ് തോല്‍വി വഴങ്ങിയതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ മങ്ങി. ഇനി ന്യൂസിലന്‍ഡിനെ പാക്കിസ്ഥാന്‍ തോല്‍പ്പിച്ചാല്‍ മാത്രമാണ് ഇന്ത്യക്ക് സാധ്യത. ഓസ്ട്രേലിയക്ക് എതിരെ അര്‍ധ ശതകവുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഉറച്ച് നിന്നെങ്കിലും മറ്റ് താരങ്ങളില്‍ നിന്ന് വേണ്ട പിന്തുണ കിട്ടിയില്ല. എന്നാല്‍, നിര്‍ണായകമായ അവസാന ഓവറില്‍ ഹര്‍മന്‍പ്രീത് കൗര്‍ സ്വീകരിച്ച നയമാണ്  ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. 

അവസാന ഓവറില്‍ 14 റണ്‍സ് ആണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ പന്ത് നേരിട്ട  ഹര്‍മന്‍പ്രീത് കൗര്‍ ബൗണ്ടറിക്ക് ശ്രമിക്കതെ സിംഗിള്‍ എടുത്തു. അടുത്ത ഡെലിവറിയില്‍ പൂജ വസ്ത്രാക്കര്‍ ക്ലീന്‍ ബൗള്‍ഡായി. പിന്നാലെ അരുന്ധതി റെഡ്ഡി റണ്‍ഔട്ടുമായി. നാലാമത്തെ ഡെലിവറിയില്‍ ഹര്‍മന്‍പ്രീത് കൗറിന് സ്ട്രൈക്ക് കിട്ടിയെങ്കിലും അതിലും സിംഗിള്‍ എടുക്കുകയായിരുന്നു ഹര്‍മന്‍. 

ഇതോടെ രണ്ട് പന്തില്‍ നിന്ന് ജയിക്കാന്‍ 12 റണ്‍സ് എന്ന നിലയിലായി. അടുത്ത പന്തില്‍ രാധാ യാദവ് വിക്കറ്റിന് മുന്‍പില്‍ കുടുങ്ങി മടങ്ങി. അവസാന പന്തില്‍ രേണുക സിങ് സിംഗിളെടുത്തു. അതോടെ  ഓസ്ട്രേലിയക്ക്   9 റണ്‍സ് ജയം. ഇവിടെ സിംഗിള്‍ എടുക്കാതെ ബൗണ്ടറിക്ക്  ശ്രമിക്കാതിരുന്നതും കൂടുതല്‍ പന്തുകള്‍  ഹര്‍മന്‍ നേരിടാതിരുന്നതുമാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്.

ENGLISH SUMMARY:

Captain Harmanpreet Kaur stood firm with a half-century against Australia but did not get enough support from other players. But Harmanpreet Kaur's move in the crucial last over is now receiving criticism