x.com/@CHathurusinghe

ഏകദിന ലോകകപ്പിനിടെ കളിക്കാരനെ തല്ലിയ കോച്ച് ചാന്ദിക ഹാഥുരസിംഗെയെ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. 48 മണിക്കൂര്‍ നേരത്തേക്കാണ് സസ്പെന്‍ഷന്‍. കോച്ച് തിരികെ എത്തുമ്പോള്‍ പുറത്താക്കുമെന്നും ബിസിബി  വ്യക്തമാക്കി. കോച്ചിന് കാരണംകാണിക്കല്‍ നോട്ടിസും അയച്ചിട്ടുണ്ട്. കളിക്കാരനെ ആക്രമിച്ചതിനും കരാറില്‍ പറഞ്ഞിരിക്കുന്നതില്‍ കൂടുതല്‍ ലീവുകള്‍ എടുത്തതിനുമാണ് നടപടിയെന്നാണ് ബിസിബിയുടെ വിശദീകരണം. 2023ലെ ഏകദിന ലോകകപ്പിനിടെയാണ് ഹാഥുരസിംഗെയ്​ക്കെതിരെ നടപടിയെടുക്കാനിടയായ സംഭവമുണ്ടായത്. 56കാരനായ ഹാഥുരസിംഗെയ്ക്ക് 2025 ലെ ചാംപ്യന്‍സ് ട്രോഫി വരെയായിരുന്നു കരാര്‍ കാലാവധി.

ഫില്‍ സിമ്മണ്‍സാവും ഹാഥുരസിംഗെയ്ക്ക് പകരം മുഖ്യപരിശീലകനായി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ചാംപ്യന്‍സ് ട്രോഫി വരെ സിമ്മണ്‍സ് തുടരുമെന്നും സൂചനകളുണ്ട്.  

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹാഥുരസിംഗെ ബംഗ്ലദേശ് പരിശീലകനായി രണ്ടാമതും ചുമതലയേറ്റത്. ഹാഥുരസിംഗെയ്ക്ക് കീഴില്‍ കളിക്കാനിറങ്ങിയ ബംഗ്ലകള്‍ ലോകകപ്പിലും പിന്നാലെ നടന്ന ട്വന്‍റി20 ലോകകപ്പിലും ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. പാക്കിസ്ഥാനെതിരെ മാത്രമാണ് ഹാഥുരസിംഗെയ്ക്ക് കീഴില്‍ ബംഗ്ലദേശ് ടീമിന് പേരിനെങ്കിലും മികച്ചതെന്ന് ചൂണ്ടിക്കാട്ടാവുന്ന പ്രകടനം പുറത്തെടുക്കാനായത്. നജ്മുല്‍ ഷാന്‍റോയുടെ ടീം 2–0ത്തിനാണ് ടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയം നേടിയത്. പാക്കിസ്ഥാല്‍ ബംഗ്ലദേശില്‍ നേടുന്ന ആദ്യത്തെ പരമ്പരയും വിദേശമണ്ണില്‍ ബംഗ്ലദേശ് 15 വര്‍ഷത്തിനിടെ നേടുന്ന ആദ്യ പരമ്പരയുമായിരുന്നു ഇത്.  

ശ്രീലങ്കന്‍ മുന്‍ ഓള്‍റൗണ്ടറായ ഹാഥുരസിംഗെയായിരുന്നു ഇക്കഴിഞ്ഞ ഇന്ത്യ പര്യടനത്തിലും ബംഗ്ലദേശിന്‍റെ കോച്ച്. ടെസ്റ്റിലും ട്വന്‍റി20യിലും ബംഗ്ലദേശിനെതിരെ ഇന്ത്യ ഉജ്വല വിജയമാണ് നേടിയത്. പൊരുതാന്‍ പോലും ശ്രമിക്കാതെ ബംഗ്ലദേശ് ടീം സമ്പൂര്‍ണമായി കീഴടങ്ങുകയായിരുന്നു.

ENGLISH SUMMARY:

Bangladesh head coach Chandika Hathurusinghe was suspended by the Bangladesh Cricket Board (BCB) on disciplinary grounds on Tuesday