‘എന്റെ പിഴ...എന്‍റെ വലിയ പിഴ...’ ബെംഗളൂരുവില്‍ ന്യൂസീലാന്‍ഡിനെതിരെ ഇന്ത്യയുടെ വിഖ്യാത ബാറ്റിങ് നിര വെറും 46 റണ്‍സിന് ഒന്നാമിന്നിങ്സ് അടിയറ വച്ചപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞ വാക്കുകളാണിത്. ബോളിങ്ങിന് അനുകൂലമായ പിച്ചില്‍ ബാറ്റിങ് തിരഞ്ഞെടുത്തതിന്‍റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നായിരുന്നു ക്യാപ്റ്റന്‍ പറഞ്ഞുവച്ചത്. എന്നാല്‍ അതിനൊപ്പം പറയാതെ വച്ച ഒന്നാണ് ഇപ്പോള്‍ ചിന്നസ്വാമിയിലെ ക്രീസില്‍ അരങ്ങേറുന്നത്. ഒന്നാമിന്നിങ്സില്‍ 356 റണ്‍സ് ലീഡ് വഴങ്ങിയ ഒരു ടീം രണ്ടാമിന്നിങ്സില്‍ പൊരുതാവുന്ന നില കൈവരിച്ചിരിക്കുന്നു. സമനില ഉറപ്പായിരുന്ന കാണ്‍പുര്‍ ടെസ്റ്റില്‍ ബംഗ്ലദേശിനെ ഒറ്റദിവസം കൊണ്ട് കെട്ടുകെട്ടിച്ച ഇന്ത്യയെ ഓര്‍മ വരുന്നുണ്ടോ? അതിലും വലിയ അല്‍ഭുതം കാണുമോ ചിന്നസ്വാമിയില്‍?

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒറ്റ ടീം മാത്രമേ ഒന്നാമിന്നിങ്സില്‍ 46 റണ്‍സില്‍ താഴെ സ്കോര്‍ ചെയ്തശേഷം വിജയിച്ചിട്ടുള്ളു. 1887ല്‍ ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ നടന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടാണ് ഈ ചരിത്രം കുറിച്ചത്. ഒന്നാമിന്നിങ്സില്‍ 45 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് ടീം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ 119 റണ്‍സിന് പുറത്താക്കി. രണ്ടാമിന്നിങ്സില്‍ സന്ദര്‍ശകര്‍ 184 റണ്‍സെടുത്തു. 111 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയയെ വെറും 97 റണ്‍സിന് വീഴ്ത്തി ഇംഗ്ലണ്ട് 13 റണ്‍സിന്‍റെ മനോഹര വിജയം സ്വന്തമാക്കി. ആറുവിക്കറ്റ് നേടിയ ബില്ലി ബാണ്‍സായിരുന്നു വിജയശില്‍പി.

137 വര്‍ഷം പഴക്കമുള്ള ആ റെക്കോര്‍ഡ് തിരുത്തിക്കുറിക്കാന്‍ രോഹിത്തിനും സംഘത്തിനും കഴിയുമോ? നാലാംദിവസം അവസാനിക്കുമ്പോള്‍ നില അത്ര മെച്ചമല്ലെങ്കില്‍പ്പോലും മല്‍സരം ഏതുവഴിക്കും തിരിയാം എന്ന അവസ്ഥയിലെത്തിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. പ്രതിസന്ധികളില്‍ രക്ഷകരാകാറുള്ള ബുംറയിലും അശ്വിനിലും ജഡേജയിലുമാണ് ഇനിയുള്ള പ്രതീക്ഷ. പക്ഷേ ഒന്നാമിന്നിങ്സില്‍ 402 റണ്‍സെടുത്ത ടീമിനെ അതേ പിച്ചില്‍ രണ്ടാമിന്നിങ്സില്‍ 106 റണ്‍സിന് താഴെ പുറത്താക്കാന്‍ അതേ ബോളിങ് നിരയ്ക്ക് കഴിയുമോ? കഴിയില്ലെന്നുറപ്പിക്കാന്‍ വരട്ടെ. രോഹിത് ശര്‍മ എന്ന മുറിവേറ്റ പോരാളിയുടെ മുന്‍കാലചരിത്രം അവസാനനിമിഷം വരെ പ്രതീക്ഷയര്‍പ്പിക്കാന്‍ ആരാധകരെ പ്രേരിപ്പിക്കുന്നു.

ഒന്നാമിന്നിങ്സിലോ രണ്ടാമിന്നിങ്സിലോ ഒരു 50 റണ്‍സ് കൂടി എടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇതിലും ആത്മവിശ്വാസത്തോടെ ഇന്ത്യന്‍ ടീമിന് അവസാനദിവസം കളത്തിലിറങ്ങാന്‍ കഴിയുമായിരുന്നു. അതുകൊണ്ടുതന്നെ ഇനി രണ്ടുംകല്‍പ്പിച്ചുള്ള പോരാട്ടമാണ്. ബംഗ്ലദേശിനെതിരെ തോറ്റാലും വേണ്ടില്ല ജയിക്കാന്‍ വേണ്ടി പോരാടും എന്ന വാശിയോടെ കളിച്ച കളി ഇന്ത്യയെ എത്തിച്ചത് ചരിത്രവിജയത്തിലാണെന്ന യാഥാര്‍ഥ്യം തൊട്ടടുത്തുനില്‍ക്കുമ്പോള്‍ പ്രതീക്ഷിക്കാതെ തരമില്ലല്ലോ. അഥവാ തോറ്റാലും തലയുയര്‍ത്തിത്തന്നെ മടങ്ങാം രോഹിത്തിനും സംഘത്തിനും.

ENGLISH SUMMARY:

India, having collapsed for just 46 runs in their first innings against New Zealand in Bengaluru, faces an uphill battle. Historically, only one team has won a Test after scoring less than 46 in the first innings—England, in 1887, when they beat Australia despite being bowled out for 45. As India trails by 356 runs, they rely heavily on Bumrah, Ashwin, and Jadeja for a miraculous turnaround. While the odds seem against them, captain Rohit Sharma's fighting spirit keeps fans hopeful for an extraordinary comeback, even if a win looks improbable.