ഫോട്ടോ: പിടിഐ

ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍ വാരിക്കൂട്ടിയിട്ടും ഇന്ത്യന്‍ ടീമിലേക്കുള്ള വിളിക്കായി സര്‍ഫറാസ് ഖാന് ഏറെ കാത്തിരിക്കേണ്ടി വന്നിരുന്നു. സര്‍ഫറാസിനെ കണ്ടില്ലെന്ന് നടിക്കുന്ന സെലക്ടര്‍മാരോട് ആരാധക രോഷം പുകഞ്ഞു. ഒടുവില്‍ ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്ക്വാഡില്‍ സര്‍ഫറാസ് ഇടംപിടിച്ചു. ആ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ അരങ്ങേറ്റം.  പോസിറ്റിവ് ബാറ്റിങ്ങുമായി അരങ്ങേറ്റ ഇന്നിങ്സില്‍ തന്നെ നയം വ്യക്തമാക്കിയ സര്‍ഫറാസ് ഖാന്‍ ഇതാ ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമായ സമയത്ത് സെഞ്ചറിയുമായി ടീമിനെ തോളിലേറ്റുന്നു. 113 പന്തില്‍ നിന്നായിരുന്നു ബെംഗളൂരു ടെസ്റ്റില്‍ സര്‍ഫറാസിന്റെ സെഞ്ചറി. 

വിരാട് കോലിക്കൊപ്പം 136 റണ്‍സിന്റെ കൂട്ടുകെട്ട്. ഋഷഭ് പന്തിനൊപ്പം മറ്റൊരു സെഞ്ചറി കൂട്ടുകെട്ട്. ഉച്ചഭക്ഷണത്തിന് മുന്‍പ് മഴ എത്തിയപ്പോള്‍ 154 പന്തില്‍ നിന്ന് 16 ഫോറും മൂന്ന് സിക്സും സഹിതം 125 റണ്‍സ് എടുത്തിരുന്നു സര്‍ഫറാസ് ഖാന്‍. ഫ്ളിക്ക് ഷോട്ടുകളില്‍ നിന്നാണ് സര്‍ഫറാസ് കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചത്.

രാജ്കോട്ടില്‍ അനില്‍ കുംബ്ലെയാണ് സര്‍ഫറാസ് ഖാന് ടെസ്റ്റ് ക്യാപ് നല്‍കിയത്. ഗാലറിയിലിരുന്ന് സര്‍ഫറാസിന്റെ കുടുംബാംഗങ്ങള്‍ ആ കാഴ്ച കണ്ടു. പിതാവും പരിശീലകനും കൂടിയായ നൗഷാദ് ഖാനും താരത്തിന്റെ ഭാര്യയ്ക്കും ആ കാഴ്ച കണ്ട് കണ്ണീരടക്കാനായില്ല. കാത്തിരിപ്പുകള്‍ക്കും കഠിനാധ്വാനത്തിനും ഒടുവില്‍ മകനെ തേടിയെത്തിയ ഇന്ത്യന്‍ ക്യാപ്പ് കൈകളില്‍ വാങ്ങി നൗഷാദ് ഖാന്‍ ചുംബിച്ചു.

8 ടെസ്റ്റ് ഇന്നിങ്സുകളാണ് സര്‍ഫറാസ് ഇതുവരെ കളിച്ചത്. നാലുവട്ടം അര്‍ധ ശതകം പിന്നിട്ടു. കെ.എല്‍.രാഹുലിന് പകരമായിരുന്നു ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റിലേക്കുള്ള സര്‍ഫറാസ് ഖാന്റെ വരവ്. ദേശീയ ജഴ്സിയിലെ ആദ്യ റെഡ് ബോള്‍ മത്സരത്തില്‍ ഭയമേതുമില്ലാതെ പോസിറ്റിവായിട്ടായിരുന്നു സര്‍ഫറാസ് ഖാന്റെ ബാറ്റിങ്. അരങ്ങേറ്റ ഇന്നിങ്സില്‍ സെഞ്ചറി നേടുമെന്ന് തോന്നിച്ച് നില്‍ക്കെയാണ് സര്‍ഫറാസ് 62ല്‍ റണ്‍ഔട്ട് ആവുന്നത്. 48 പന്തിലായിരുന്നു ആ അര്‍ധ ശതകം. രണ്ടാം ഇന്നിങ്സില്‍ 68 റണ്‍സോടെ പുറത്താവാതെ നിന്നു. 

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ഇന്നിങ്സില്‍ ഡക്കായാണ് സര്‍ഫറാസ് ഖാന്‍ മടങ്ങിയത്. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ സെഞ്ചറിയോടെ നെഞ്ചുവിരിച്ച് നിന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥാനം ഉറപ്പിക്കുകയാണ് സര്‍ഫറാസ് ഖാന്‍. 45 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്ന് 3912 റണ്‍സ് സര്‍ഫറാസിന്‍റെ പേരിലുണ്ട്. ശരാശരി 69.85. 14 സെഞ്ചറിയും 11 അര്‍ധ ശതകങ്ങളും. ഇന്ത്യയ്ക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച സമയം മികച്ച ഫസ്റ്റ് ക്ലാസ് ശരാശരിയുള്ള താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ചാണ് സര്‍ഫറാസ് കരുത്ത് കാണിച്ചത്. 

ENGLISH SUMMARY:

Sarfaraz Khan, who made his policy clear in his debut innings, lifted the team with a century at a crucial time for India. Sarfaraz's century came from 113 balls in the Bengaluru Test