ഫോട്ടോ: പിടിഐ, എപി

2004ൽ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ഇന്ത്യയുടെ നാലാമത്തെ ടെസ്റ്റ്. വേദി വാങ്കഡെ. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 104 റണ്‍സിന് തകര്‍ന്നടിഞ്ഞു. ഡാമിയന്‍ മാര്‍ട്ടിന്റെ അര്‍ധ ശതകത്തിന്റെ ബലത്തില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് സ്കോർ 200 കടത്തി. 99 റണ്‍സിന്റെ ലീഡ്. രണ്ടാം ഇന്നിങ്സില്‍ ലോക്കല്‍ ബോയ് സച്ചിനും വിവിഎസ് ലക്ഷണും ചേര്‍ന്ന് ഇന്ത്യയെ 200 കടത്തി. ഓസ്ട്രേലിയക്ക് ജയിക്കാന്‍ വേണ്ടത് 113 റണ്‍സ്. ഓസ്ട്രേലിയ അനായാസം ലക്ഷ്യം കാണും എന്ന് കരുതിയവര്‍ക്ക് തെറ്റി. അന്ന് ഹര്‍ഭജനും മുരളി കാര്‍ത്തിക്കും അനില്‍ കുംബ്ലെയുമെല്ലാം ചേര്‍ന്നാണ് അസാധ്യമെന്ന് കരുതിയ ജയത്തിലേക്ക് ഇന്ത്യയെ എത്തിച്ചത്. ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ന്യൂസീലാന്‍ഡിനെ പിടിച്ചുകെട്ടാനുറച്ച് രോഹിത്തും കൂട്ടരും ഇറങ്ങുമ്പോള്‍ 20 വര്‍ഷം മുന്‍പ് വാങ്കഡെയിൽ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്റെ ഓര്‍മ അവരുടെ മനസിലുണ്ടാവും. 

ഫോട്ടോ: പിടിഐ

വാങ്കഡെ ടെസ്റ്റില്‍ ഗില്ലെസ്പിയും മഗ്രാത്തും ചേര്‍ന്നാണ് ഇന്ത്യയെ ഒന്നാം ഇന്നിങ്സില്‍ തകര്‍ത്തിട്ടത്. 31 റണ്‍സോടെ പുറത്താവാതെ നിന്ന രാഹുല്‍ ദ്രാവിഡായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇന്ത്യന്‍ നിരയിലെ ഏഴ് താരങ്ങള്‍ രണ്ടക്കം കടക്കാതെ പുറത്തായി. മാര്‍ട്ടിന്റെ അര്‍ധ ശതകത്തിന്റേയും മാത്യു ഹെയ്ഡന്റെ 35 റണ്‍സിന്റേയും ഗില്‍ക്രിസ്റ്റിന്റെ 26 റണ്‍സിന്റേയും ബലത്തില്‍ ഓസ്ട്രേലിയ സ്കോര്‍ 200 കടത്തുകയായിരുന്നു. 

5 വിക്കറ്റ് പിഴുത് അനില്‍ കുംബ്ലെയും നാല് വിക്കറ്റ് വീഴ്ത്തി മുരളി കാര്‍ത്തിക്കും ഓസ്ട്രേലിയയെ വരിഞ്ഞുമുറുക്കി. രണ്ടാം ഇന്നിങ്സിലും തുടക്കത്തില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടു. 14 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് വീണു. എന്നാല്‍ സച്ചിനും ലക്ഷ്മണും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. 69 റണ്‍സാണ് 127 പന്തില്‍ നിന്ന് ലക്ഷ്മണ്‍ നേടിയത്. സച്ചിന്‍ 55 റണ്‍സ് എടുത്തും പുറത്തായി. സച്ചിനും ലക്ഷ്മണും പുറത്തായതിന് പിന്നാലെ ആറ് വിക്കറ്റ് പിഴുത് ക്ലര്‍ക്ക് ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിന് വേഗത്തില്‍ തിരശീലയിട്ടു. 

ഫോട്ടോ: പിടിഐ

103 റണ്‍സ് വിജയ ലക്ഷ്യവുമായി ഓസ്ട്രേലിയ ഇറങ്ങുമ്പോള്‍ ഇന്ത്യ ജയിക്കുമെന്ന പ്രതീക്ഷ അന്ന് എത്ര പേരിലുണ്ടായിട്ടുണ്ടാവും? ഓസീസ് ഓപ്പണര്‍ ജസ്റ്റിന്‍ ലാംഗറെ രണ്ടാം പന്തില്‍ ഡക്കാക്കി സഹീര്‍ ഖാനാണ് തുടങ്ങിയത്. പിന്നെ ഉത്തരവാദിത്തം കാര്‍ത്തിക്കും ഹര്‍ഭജന്‍ സിങ്ങും കുംബ്ലെയും ചേര്‍ന്ന് ഏറ്റെടുത്തു. 

ചിന്നസ്വാമിയില്‍ ന്യൂസിലന്‍ഡിന് വെല്ലുവിളി ഉയര്‍ത്തുന്ന വിജയ ലക്ഷ്യം അല്ല 107 റണ്‍സ്. എന്നാല്‍ ഇന്ത്യ ഗംഭീറിനും രോഹിത്തിനും കീഴില്‍ മാറിയ ഇന്ത്യയാണ്. ഇംഗ്ലണ്ടിന് ബാസ്ബോള്‍ ആണെങ്കില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ കാണ്‍പൂര്‍ ടെസ്റ്റില്‍ കാണിച്ച മരണ മാസിന് എന്ത് പേരിട്ട് വിളിക്കണം? അഞ്ചാം ദിനം ചിന്നസ്വാമിയില്‍ മഴമേഘങ്ങള്‍ കൂട്ടിനെത്തുമ്പോള്‍ സ്വിങ്ങും പേസും ലൈനും ലെങ്തും കൃത്യമായി കൊണ്ടുവരാന്‍ ഇന്ത്യന്‍ പേസർമാർക്ക് കഴിഞ്ഞാൽ...ഏത് സാഹചര്യത്തിലും തിളങ്ങാൻ കെൽപ്പുള്ള സ്പിൻ ത്രയം ചുവടുറപ്പിച്ചാൽ...കിവീസ് പാടുപെടും.

ENGLISH SUMMARY:

India's win against australia in the fourth test at mumbai in 2004.