ഫോട്ടോ: പിടിഐ

യഷ് ദയാലിനെതിരെ എം.എസ്.ധോണി സിക്സ് പറത്തിയതിന്  ശേഷം ന്യൂബോള്‍ എടുക്കേണ്ടി വന്നത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ എങ്ങനെ സഹായിച്ചു എന്ന് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കണ്ടതാണ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സമാനമായ സംഭവമാണ് ന്യൂസീലന്‍ഡിന് എതിരായ ഇന്ത്യയുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിലും ഉണ്ടായത്. 

ഫോട്ടോ: പിടിഐ

ആദ്യ ഇന്നിങ്സില്‍ 46 റണ്‍സിന് തകര്‍ന്നടിഞ്ഞതിന് ശേഷം 356 റണ്‍സ് ലീഡ് വഴങ്ങിയിട്ടും രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ശക്തമായി തിരിച്ചു വന്നിരുന്നു. രോഹിത്തിന്റേയും കോലിയുടേയും അര്‍ധ ശതകവും സര്‍ഫറാസ് ഖാന്റെ സെഞ്ചറിയുമാണ് ഇന്ത്യയെ രണ്ടാം ഇന്നിങ്സില്‍ തുണച്ചത്. കാല്‍മുട്ടിന് പരുക്കേറ്റിട്ടും ആക്രമിച്ച് കളിച്ച ഋഷഭ് പന്തിന് അര്‍ഹിച്ച സെഞ്ചറി ഒരു റണ്‍സ് അകലെ നഷ്ടമായി. പന്തിന്റെ വിക്കറ്റ് വീണതോടെയാണ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് വേഗത്തില്‍ അവസാനിച്ചത്. 

ഋഷഭ് പന്തിന്റെ സ്കോര്‍ 90ല്‍ നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ടോട്ടല്‍ 419-4 എന്ന നിലയിലായിരുന്നു. മത്സരത്തിലെ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന ഷോട്ടാണ് ഈ സമയം ന്യൂസീലന്‍ഡ് പേസര്‍ ടിം സൗത്തിക്ക് എതിരെ പന്തില്‍ നിന്ന് വന്നത്. പന്തിന്റെ സ്ലോഗ് സ്വീപ്പ് സിക്സ് പറന്നത് 107 മീറ്റര്‍. സ്റ്റേഡിയത്തിന്റെ റൂഫിലേക്ക് ഋഷഭ് പന്ത് സിക്സ് പറത്തിയതോടെ ന്യൂബോള്‍ എടുക്കേണ്ടി വന്നു. 

ഫോട്ടോ: എഎഫ്പി

6.3 ഓവര്‍ മാത്രമായിരുന്നു ആ സമയം ആ പന്ത് ഉപയോഗിച്ചിരുന്നത്. പകരം പുതിയ പന്ത് കൊണ്ടുവന്നതോടെ മത്സരത്തിന്റെ ഗതി തന്നെ മാറി. ഈ പുതിയ ബോള്‍ കൊണ്ടുവന്ന് രണ്ട് ഓവറിന് ശേഷം പന്ത് പുറത്തായി.പിന്നാലെ 29 റണ്‍സിനിടെ ആറ് വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് ഇന്ത്യ 462 റണ്‍സിന് ഓള്‍ഔട്ടായി. 

ഋഷഭ് പന്തിന്റെ സിക്സിന് പിന്നാലെ പുതിയ പന്ത് എടുത്തത് ന്യൂസീലന്‍ഡിന് അനുകൂലമായി. പുതിയ പന്ത് എടുത്ത് 13 ഓവര്‍ എറിഞ്ഞതില്‍ നിന്ന് 37 റണ്‍സ് ആണ് ഇന്ത്യ നേടിയത്. ആറ് വിക്കറ്റും വീണു. 80 ഓവറിന് ശേഷമാണ് ടെസ്റ്റില്‍ സാധാരണയായി പുതിയ ബോള്‍ എടുക്കുന്നത്. സിക്സ് പറത്തി ബോള്‍ നഷ്ടമാകുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ മുന്‍ മത്സരങ്ങള്‍ ഉപയോഗിച്ച പന്തുകളില്‍ നിന്നുള്ളവയാണ് ഉപയോഗിക്കുക. 

ENGLISH SUMMARY:

Having to take the new ball after MS Dhoni hit Yash Dayal for a six has seen how Royal Challengers Bangalore helped Bengaluru in the last IPL season. A similar incident happened in the first Test of India's series against New Zealand at Bengaluru's Chinnaswamy Stadium.