ck-naidu-trophy

TOPICS COVERED

സി.കെ.നായിഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളം ശക്തമായ നിലയിൽ.  ആദ്യ ദിവസം കളി നിർത്തുമ്പോൾ  രണ്ട് വിക്കറ്റിന് 231 റൺസ് എന്ന നിലയിലാണ് കേരളം.  109 റൺസോടെ വരുൺ നായനാരും 72 റൺസോടെ ഷോൺ റോജറുമാണ് ക്രീസിൽ. 

വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ 10 റൺസ് എടുത്ത ഓപ്പണർ റിയ ബഷീറിന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. തുടർന്ന് ക്യാപ്റ്റൻ അഭിഷേക് നായരും വരുൺ നായനാരും ചേർന്നുള്ള കൂട്ടുകെട്ട് കേരളത്തിന് ഭേദപ്പെട്ട തുടക്കം നൽകിയത്. ഇരുവരും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 71 റൺസ് പിറന്നു. അഭിഷേക് നായർ 31 റൺസ് എടുത്തു പുറത്തായി. 

 തുടർന്ന് എത്തിയ ഷോൺ റോജറും വരുൺ നായനാരും ചേർന്നാണ്  കേരളത്തെ ശക്തമായ നിലയിൽ എത്തിച്ചത്. കളി നിർത്തുമ്പോൾ 109 റൺസോടെ വരുണും 72 റൺസോടെ ഷോൺ റോജറും ക്രീസിൽ ഉണ്ട്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 137 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു.

15 ഫോറും ഒരു സിക്സും അടങ്ങുന്നത് ആയിരുന്നു വരുൺ നായനാരുടെ ഇന്നിംഗ്സ്. 8 ഫോറും ഒരു സിക്സും അടക്കമാണ് ഷോൺ റോജർ 72 റൺസ് നേടിയത്. ചണ്ഡിഗഡിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും ഷോൺ റോജർ സെഞ്ചറി നേടിയിരുന്നു. ഉത്തരാഖണ്ഡിന് വേണ്ടി അജയ്, ഹർഷ് റാണ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Kerala in a strong position against Uttarakhand in CK Naidu Trophy: