ഫോട്ടോ: പിടിഐ

107 റണ്‍സ് പ്രതിരോധിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അഞ്ചാം ദിനം ഇറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി ന്യുസീലന്‍ഡിന്റെ ആദ്യ വിക്കറ്റ് പിഴുത് ബുമ്ര. ന്യൂസീലന്‍ഡ് ക്യാപ്റ്റനെ തന്നെയാണ് ആദ്യം തന്നെ ഡ്രസ്സിങ് റൂമിലേക്ക് മടക്കിയത്. ആറ് പന്തില്‍ നിന്ന് ഡക്കായാണ് ടോം ലാതം തിരികെ കയറിയത്. 

ബുമ്രയുടെ ഡെലിവറി പ്രതിരോധിക്കാന്‍ ടോം ലാതം ശ്രമിച്ചെങ്കിലും പാഡില്‍ തട്ടി. ഇന്ത്യന്‍ താരങ്ങളുടെ അപ്പീലില്‍ ഓണ്‍ ഫീല്‍ഡ് അംപയര്‍ ഔട്ട് വിളിച്ചെങ്കിലും ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ റിവ്യു എടത്തു. പന്ത് ബാറ്റില്‍ ഉരസുന്നില്ലെന്ന് അള്‍ട്രാ എ‍‍ഡ്ജില്‍ വ്യക്തമായതോടെ അക്കൗണ്ടിലേക്ക് റണ്‍ ചേര്‍ക്കുന്നതിന് മുന്‍പ് ന്യൂസീലന്‍ഡിന് ആദ്യ പ്രഹരം. 

ന്യൂസീലന്‍ഡിന്റെ ഒന്നാം ഇന്നിങ്സില്‍ കോണ്‍വേയുടെ 91 റണ്‍സും രചിന്‍ രവീന്ദ്രയുടെ 134 റണ്‍സുമാണ് 400 എന്ന സ്കോറിലേക്ക് ന്യൂസീലന്‍ഡിനെ എത്തിച്ചത്. സന്ദര്‍ശകരുടെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് തലവേദനയാവുന്നതും ഈ രണ്ട് പേരാണ്. ക്രീസില്‍ താളം കണ്ടെത്തി നിലയുറപ്പിക്കാന്‍ ന്യൂസീലന്‍ഡ് ബാറ്റേഴ്സിന് സാധിച്ചാല്‍ കാര്യങ്ങള്‍ ഇന്ത്യയുടെ കൈകളില്‍ നിന്ന് വഴുതും. 

രണ്ട് സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബോളര്‍മാരുമായാണ് ഇന്ത്യ ബെംഗളൂരു ടെസ്റ്റിന് ഇറങ്ങിയത്. എന്നാല്‍ അഞ്ചാം ദിനം മൂന്നാമത്തെ സീമര്‍ ഇല്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയായേക്കും എന്ന വിലയിരുത്തലുകള്‍ ശക്തമാണ്. എന്നാല്‍ ഒന്നാം ഇന്നിങ്സില്‍ 47 റണ്‍സിന് പുറത്തായ ടീം തിരികെ കയറി ജയം പിടിക്കുക എന്ന ചരിത്ര നേട്ടം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പിറക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

ENGLISH SUMMARY:

Bumrah took the first wicket of New Zealand and gave hope to India who came to the Chinnaswamy Stadium on the fifth day defending 107 runs. The New Zealand captain was the first to return to the dressing room.