വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം.ന്യൂസിലന്‍ഡിന്റെ സുവര്‍ണതലമുറയ്ക്ക് ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. വനിതാ ട്വന്റി 20 ക്രിക്കറ്റിലെ കന്നി ലോകചാംപ്യന്‍മാരുടെ കിരീടധാരണത്തിനാണ് യുഎഇ വേദിയാകുന്നത്. രാത്രി ഏഴരയ്ക്കാണ് മല്‍സരം.
സോഫി ഡിവൈന്‍ നയിക്കുന്ന കിവീസിന്റെ സുവര്‍ണതലമുറയ്ക്ക് ലോകകപ്പുയര്‍ത്താനുള്ള അവസാന അവസരമാണിത്.14 വര്‍ഷത്തിന് ശേഷമാണ് കിവീസ് വനിതകള്‍ ലോകകപ്പിന്റെ ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. 2000ല്‍ ഏകദിന ലോകകപ്പ് നേടിയശേഷമുള്ള കിരീടവരള്‍ച്ചയ്ക്ക് അവസാനമിടണം. 12 വിക്കറ്റ് നേടിയ ഓള്‍റൗണ്ടര്‍ അമേലിയ കെറും എട്ടുവിക്കറ്റ് വീഴ്ത്തിയ ഈഡന്‍ കാര്‍സനുമാണ് കിവീസിന്റെ ബോളിങ്ങ് കരുത്ത്.
ടൂര്‍ണമെന്റില്‍ 190 റണ്‍സ് അടിച്ചുകൂട്ടിയ ക്യാപ്റ്റന്‍ ലോറ വോള്‍വാട്ടും 170 റണ്‍സ് നേടിയ റ്റസ്മിന്‍ ബ്രിറ്റ്സും ഉള്‍പ്പെടുന്ന ആഫ്രിക്കന്‍ ബാറ്റിങ് കരുത്താണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയയെ എട്ടുവിക്കറ്റിന് സെമിയില്‍ വീഴ്ത്തിയ ആത്മവിശ്വസമാണ് ദക്ഷിണാഫ്രിക്കയുടെ കൈമുതല്‍.