ഇന്ത്യന്‍ വനിതാക്രിക്കറ്റ് സൂപ്പര്‍താരം ജെമീമ റോഡ്രിഗസിനെ മുംബൈയിലെ പ്രശസ്തമായ ഘര്‍ ജിംഖാനയില്‍ നിന്ന് പുറത്താക്കി. ജെമീമയുടെ അച്ഛന്‍ ഇവാന്‍ മതപ്രചരണവും മതപരിവര്‍ത്തനവും നടത്തുന്നുവെന്നാരോപിച്ചാണ് ക്ലബ് ഭരണസമിതിയുടെ നടപടി. ജിംഖാനയുടെ ഹാള്‍ വാടകയ്ക്കെടുത്ത് മതപ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചുവെന്നാണ് പ്രധാന ആരോപണം. ഇത് ക്ലബിന്‍റെ ഭരണഘടനയ്ക്ക് എതിരാണെന്ന് ജനറല്‍ കൗണ്‍സില്‍ പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. 

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസ് പിതാവ് ഇവാന്‍ റോഡ്രിഗസിനൊപ്പം | Photo courtesy: X/@JemiRodrigues

ഇന്ത്യന്‍ ടീമിനുവേണ്ടി ജെമീമ നടത്തിയ ഗംഭീരപ്രകടനങ്ങള്‍ക്കുള്ള ആദരമെന്ന നിലയിലാണ് ഘര്‍ ജിംഖാന താരത്തിന് മൂന്നുവര്‍ഷത്തെ ഓണററി അംഗത്വം നല്‍കിയത്. എന്നാല്‍ ജെമീമയുടെ അച്ഛന്‍ ഇവാന്‍ സംഘടിപ്പിച്ച ചില പരിപാടികളോട് ക്ലബ് അംഗങ്ങളില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും പരാതി നല്‍കുകയുമായിരുന്നു. നടപടിയെക്കുറിച്ച് ജിംഖാന മാനേജിങ് കമ്മിറ്റി അംഗം ശിവ് മല്‍ഹോത്ര പറയുന്നത് ഇങ്ങനെ...

മുംബൈയിലെ ഘാര്‍ ജിംഖാന ക്ലബ്

‘ജെമീമയുടെ പിതാവ് ഇവാന്‍ ബ്രദര്‍ മാനുവല്‍ മിനിസ്ട്രീസ്’ എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അദ്ദേഹം ജിംഖാനയുടെ പ്രസിഡന്‍ഷ്യല്‍ ഹാള്‍ ബുക്ക് ചെയ്ത് 35 പരിപാടികള്‍ സംഘടിപ്പിച്ചു. ഇതെല്ലാം മതപ്രചരണവുമായി ബന്ധപ്പെട്ടവ ആയിരുന്നു. മതപരിവര്‍ത്തനവും ഇതിന്‍റെ ഭാഗമായി നടക്കുന്നുണ്ടെന്നാണ് ക്ലബിന്‍റെ വിലയിരുത്തല്‍. ജിംഖാനയുടെ ബൈലോ 4എ അനുസരിച്ച് ഒരുതരത്തിലുള്ള മതപരിപാടികളും സംഘടിപ്പിക്കാന്‍ പാടില്ല. ഇവാന്‍റെ നടപടികള്‍ അതിന്‍റെ ലംഘനമായതിനാലാണ് നടപടി.’

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസ് കുടുംബത്തോടൊപ്പം. വലത്തേയറ്റം പിതാവ് ഇവാന്‍ | Photo courtesy : X/@JemiRodrigues

മുംബൈ സ്വദേശിയായ ജെമീമ റോ‍ഡ്രിഗസ് ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ അവിഭാജ്യഘടകമായി മാറിയ താരമാണ്. 104 രാജ്യാന്തര ട്വന്‍റി ട്വന്‍റി മല്‍സരങ്ങള്‍ കളിച്ച താരം 11 അര്‍ധസെഞ്ചറികളടക്കം 2142 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് ടെസ്റ്റുകളില്‍ 59 റണ്‍ ശരാശരിയില്‍ 235 റണ്‍സും 30 ഏകദിനമല്‍സരങ്ങളില്‍ നിന്ന് 710 റണ്‍സും ജെമീമയുടെ സമ്പാദ്യത്തിലുണ്ട്. ഓഫ് സ്പിന്നര്‍ കൂടിയായ താരം നിരവധി രാജ്യാന്തര ടി20 ലീഗുകളിലും കളിക്കുന്നുണ്ട്. 

ENGLISH SUMMARY:

Indian women’s cricket star Jemimah Rodrigues was expelled from the prestigious Khar Gymkhana in Mumbai due to allegations that her father, Ivan Rodrigues, was involved in religious conversions. The club’s general council accused Ivan of organizing religious events at the club's hall, violating its constitution. Jemimah had received a three-year honorary membership as recognition for her contributions to Indian cricket, but complaints arose from club members about her father’s activities. Ivan allegedly held 35 religious programs in the past year, which led to the club's action against them.