ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വി മണക്കുകയാണോ?. 300 റണ്‍സിന് മുകളിലാണ് ന്യൂസിലാന്‍ഡിന്‍റെ രണ്ടാം ഇന്നിങ്സ് ലീഡ്. ക്യാപ്റ്റന്‍ ടോം ലാഥത്തിന്‍റെ അര്‍ധ സെഞ്ചറി രണ്ടാം ഇന്നിങ്സിലും ന്യൂസിലാന്‍ഡിന് മേല്‍കൈ നല്‍കി. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ അഞ്ച് വിക്കറ്റിന് 198 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. രണ്ടാം ഇന്നിങ്സ് ലീഡാകട്ടെ 301 റണ്‍സും. 

ന്യൂസിലാന്‍ഡിന്‍റെ ലീഡുയരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുകയാണെന്നതാണ് സത്യം. 2012 ന് ശേഷം നാട്ടിലും വിദേശത്തും ഓരോ തവണ വീതമാണ് ഇന്ത്യ 200 ലധികം റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ചിട്ടുള്ളത്. 2012 ല്‍ നടന്ന ബെംഗളൂരു ടെസ്റ്റിലാണ് ഹോം മാച്ചില്‍ അവസമാനമായി ഇന്ത്യ 200 റണ്‍സിന് മുകളില്‍ മറികടന്ന് വിജയിച്ചത്. അന്ന് ന്യൂസിലാന്‍ഡിനെതിരെ 261 റണ്‍സ് പിന്തുടര്‍ന്നാണ് ഇന്ത്യ വിജയിച്ചത്. 2021 ല്‍ ഓസ്ട്രേലിയയിലെ ഗാബയില്‍ നടന്ന ടെസ്റ്റിലാണ് ഇന്ത്യ അവസാനമായി ഇത്രയും വലിയ വിജയലക്ഷ്യം വിജയകരമായി പിന്തുടര്‍ന്നത്. 

ഇന്ത്യയുടെ ആദ്യ ഇന്നിങ്സിലെ ബാറ്റിങ് പ്രകടനം തന്നെയാണ് വിജയ പ്രതീക്ഷയ്ക്ക് തിരിച്ചടിയാകുന്നത്. 259 റണ്‍സിന് ന്യൂസിലാന്‍ഡിനെ പുറത്താക്കിയതിന് പിന്നാലെ 156 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടായത്.  മിച്ചല്‍ സാന്‍റനറുടെ 7 വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. ആദ്യ ഇന്നിങ്സില്‍ പാതിവഴിയില്‍ വീണതോടെ 103 റണ്‍സിന്‍റെ ആദ്യ ഇന്നിങ്സ് ലീഡാണ് ഇന്ത്യ വഴങ്ങിയത്. 

സ്പിന്നിനെതിരെ വീണുപോകുന്ന ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് ന്യൂസിലൻഡിന്‍റെ ഉയര്‍ന്ന ലീഡ് മറികടക്കാന്‍ സാധിക്കുമോയെന്നാണ് ചോദ്യം. മൂന്ന് ടെസ്റ്റുള്ള പരമ്പരയില്‍ ഈ മത്സരം ജയിച്ചാല്‍ മാത്രമെ ഇന്ത്യയ്ക്ക് ടെസ്റ്റ് ജയിച്ച് പരമ്പര സമനിലയിലാക്കാനെങ്കിലും സാധിക്കുകയുള്ളൂ. 

ENGLISH SUMMARY:

Has India sealed defeat against New Zealand; history says so