ന്യൂസീലന്‍ഡിന് എതിരായ പുണെ ടെസ്റ്റില്‍ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്നു. രണ്ടാം ഇന്നിങ്സില്‍ ന്യൂസീലന്‍ഡിനെ 255 എന്ന സ്കോറില്‍ ഒതുക്കാനായെങ്കിലും 359 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടു. ഋഷഭ് പന്ത് റണ്‍ഔട്ട് ആയത് ഉള്‍പ്പെടെ പുണെയില്‍ ഇന്ത്യക്കേറ്റ തിരിച്ചടികള്‍ ഏറെ. 

ഇന്ത്യന്‍ ഇന്നിങ്സിന്‍റെ 23ാം ഓവറിലാണ് ഋഷഭ് പന്ത് റണ്‍ഔട്ട് ആയത്. അജാസ് പട്ടേലിന്‍റെ ഗുഡ് ലെങ്ത് ബോളില്‍ കോലി തേര്‍ഡ് മാനിലേക്ക് കളിച്ചു. നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡില്‍ ഋഷഭ് പന്തായിരുന്നു. കോലിയും പന്തും റണ്ണിനായി ഓടി. എന്നാല്‍ മിച്ചല്‍ സാന്‍റനറന്‍റെ ത്രോയില്‍ നിന്ന് ടോം ബ്ലന്‍ഡല്‍ സ്റ്റംപ് ഇളക്കിയതോടെ ഋഷഭ് പന്ത് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. ആരുടെ ഭാഗത്താണ് ഇവിടെ പിഴവ് എന്ന ചോദ്യവുമായി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമായി. ഒരുവിഭാഗം പന്തിന്‍റെ ഭാഗത്താണ് തെറ്റെന്ന് പറയുമ്പോള്‍ മറ്റൊരു വിഭാഗം ആരാധകര്‍ കോലിയിലേക്കാണ് കുറ്റം ചാര്‍ത്തുന്നത്. 

മൂന്നാം ദിനം രോഹിത് ശര്‍മയും ആരാധകരില്‍ നിന്ന് ഏറെ വിമര്‍ശനം ഏറ്റുവാങ്ങുന്നു. മൂന്നാം ദിനം ആദ്യ സെഷനില്‍ രോഹിത് അനായാസം കൈക്കലാക്കാമായിരുന്ന ക്യാച്ച് നഷ്ടപ്പെടുത്തി. അശ്വിന്‍റെ പന്തില്‍ ഔട്ട്സൈഡ് എഡ്ജ് ആയി പന്ത് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്‍റെ ഗ്ലൗസും മറികടന്ന് സ്ലിപ്പിലേക്ക് പോയി. എന്നാല്‍ പന്ത് പോകുന്നത് നോക്കി നില്‍ക്കുകയാണ് രോഹിത് ചെയ്തത്. ഇത് കണ്ട് അശ്വിനും വിശ്വസിക്കാനായില്ല. പിന്നാലെ ബാറ്റിങ്ങിലും രോഹിത് നിരാശപ്പെടുത്തി. 8 റണ്‍സ് എടുത്താണ് രോഹിത് മടങ്ങിയത്.

ENGLISH SUMMARY:

In the Pune Test against New Zealand, India miss everything they touch. In the second innings, they restricted New Zealand to 255, but India faced a batting collapse as they chased the target of 359 runs.