ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിക്കുള്ള ടീമിലും ഇടം നേടാനാവാതെ വന്നതോടെ പ്രതികരണവുമായി ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷമി. 2023ലെ ഏകദിന ലോകകപ്പിന് ശേഷം ഷമി പരുക്കിനെ തുടര്‍ന്ന് ഇന്ത്യക്കായി കളിച്ചിട്ടില്ല. ശസ്ത്രക്രിയക്ക് വിധേയനായ ഷമി പിന്നെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലായിരുന്നു. കാല്‍മുട്ടിന് വേദനയില്ല എന്നുള്‍പ്പെടെയുള്ള പ്രതികരണം ഷമിയില്‍ നിന്ന് വന്നെങ്കിലും ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഷമിയെ സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
ഇന്‍സ്റ്റഗ്രാമില്‍ പരിശീലനത്തിന്റെ വിഡിയോ പങ്കുവെച്ചാണ് ഷമി ഇപ്പോള്‍ എത്തുന്നത്. ഓരോ ദിനവും ഫിറ്റ്നസ് മെച്ചപ്പെടുത്തി വരുന്നു. ഡൊമസ്റ്റിക് ക്രിക്കറ്റും റെഡ് ബോള്‍ ക്രിക്കറ്റും കളിക്കാന്‍ ലക്ഷ്യം വയ്ക്കുകയാണ്. എല്ലാ ക്രിക്കറ്റ് ആരാധകരോടും ബിസിസിഐയോടും ക്ഷമ ചോദിക്കുകയാണ്. ഉടനെ തന്നെ എനിക്ക് റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാനാവും, ഷമി ഇന്‍സ്റ്റഗ്രാം വിഡിയോയ്ക്കൊപ്പം കുറിച്ചു.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഷമിയുടെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാകുമെന്ന് ഓസ്ട്രേലിയന്‍ മുഖ്യ പരിശീലകന്‍ ആന്‍ഡ്ര്യു മക്ഡൊണാള്‍ഡ് പറഞ്ഞു. എന്നാല്‍ ഷമിക്ക് പകരം ഇന്ത്യന്‍ ടീമിലേക്ക് വന്ന പേസര്‍മാരെ ഓസീസ് ടീം വിലകുറച്ചു കാണുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.