പരമ്പര തൂത്തുവാരാനുറച്ച് ന്യൂസീലന്‍ഡ് ഇറങ്ങുമ്പോള്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും ആ നാണക്കേട് ഒഴിവാക്കിയേ മതിയാവു. ബെംഗളൂരു ടെസ്റ്റില്‍ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പേസ് ബോളിങ്ങിന് അനുകൂലമായ സാഹചര്യത്തില്‍ ബാറ്റിങ് തിരഞ്ഞെടുത്താണ് ഇന്ത്യ തോല്‍വി ചോദിച്ചു വാങ്ങിയത്. പുണെ ടെസ്റ്റില്‍ കീവിസിനെ വീഴ്ത്താന്‍ വെച്ച സ്പിന്‍ കെണിയില്‍ ഇന്ത്യ തന്നെ വീഴുകയും ചെയ്തു. ഇനി വാങ്കഡെയില്‍ ഏത് തരത്തിലെ പിച്ചാവും തയ്യാറാക്കുക എന്ന ചോദ്യം ഉയര്‍ന്ന് കഴിഞ്ഞു.
പുണെ ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ക്ക് ലഭിച്ച അത്രയും പിന്തുണ ലഭിക്കാത്ത സ്പോര്‍ട്ടിങ് ട്രാക്ക് ആണ് വാങ്കഡെയില്‍ ഒരുങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ റാങ്ക് ടേണര്‍ പിച്ച് ഒരുക്കാന്‍ പിച്ച് ക്യുരേറ്ററോട് ഇന്ത്യന്‍ ടീം ആവശ്യപ്പെട്ടതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. നവംബര്‍ ഒന്നിനാണ് മുംബൈ ടെസ്റ്റ്.
വാങ്കെഡെ പിച്ചില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് തൃപ്തരല്ലെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യ ദിനം മുതല്‍ സ്പിന്നിന് പിന്തുണ ലഭിക്കുന്ന പിച്ച് ഒരുക്കാനാണ് പിച്ച് ക്യുരേറ്ററോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുണെ ടെസ്റ്റില്‍ ന്യൂസീലന്‍ഡിന്‍റെ മിച്ചല്‍ സാന്‍റനറിന് മുന്‍പില്‍ മറുപടിയില്ലാതെ രോഹിത് ശര്‍മയും കൂട്ടരും വീണിട്ടും സ്പിന്നിനെ കൂടുതല്‍ തുണയ്ക്കുന്ന പിച്ച് ടീം മാനേജ്മെന്‍റ് ആവശ്യപ്പെടുന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്ക് മുംബൈ ടെസ്റ്റിലെ ജയം അനിവാര്യമാണ്. പുണെയിലെ പിച്ചില്‍ നിന്ന് വാഷിങ്ടണ്‍ സുന്ദറിനാണ് അശ്വിനേക്കാളും ജഡേജയെക്കാളും കൂടുതല്‍ ആനുകൂല്യം മുതലെടുക്കാനായത്. ഇന്ത്യക്ക് നിര്‍ണായകമായ അവസാന ടെസ്റ്റിന് വാങ്കഡെയില്‍ ഏത് രീതിയിലെ പിച്ചാവും ഒരുങ്ങുക എന്നതിലേക്ക് ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കുന്നത്.