95 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടി ചരിത്രം കുറിച്ച ന്യൂസീലാന്‍ഡിന് അവസാന ടെസ്റ്റില്‍ ഭേദപ്പെട്ട തുടക്കം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സന്ദര്‍ശകര്‍ ഉച്ചഭക്ഷണസമയത്ത് മൂന്നുവിക്കറ്റിന് 92 റണ്‍സെടുത്തു. ഓപ്പണര്‍ ഡെവണ്‍ കോണ്‍വേയെ നാലാം ഓവറില്‍ത്തന്നെ നഷ്ടമായെങ്കിലും ലാഥവും വില്‍ യങ്ങും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആകാശ്ദീപിനായിരുന്നു കോണ്‍വേയുടെ വിക്കറ്റ്. 28 റണ്‍സെടുത്ത ലാഥമിനെ വാഷിങ്ടണ്‍ സുന്ദര്‍ ക്ലീന്‍ ബോള്‍ഡാക്കി. പകരമെത്തിയ രചിന്‍ രവീന്ദ്രയും സുന്ദറിനുമുന്നില്‍ കീഴടങ്ങിയതോടെ കിവീസ് പതറി. എന്നാല്‍ ഡാരില്‍ മിച്ചലിനെ കൂട്ടുപിടിച്ച് യങ് ഇന്നിങ്സ് പിടിച്ചുനിര്‍ത്തി. ലഞ്ചിന് പിരിയുമ്പോള്‍ യങ് മുപ്പത്തെട്ടും മിച്ചല്‍ പതിനൊന്നും റണ്‍സെടുത്തിരുന്നു.
രണ്ടാം ടെസ്റ്റില്‍ കിവീസിനെ വിജയത്തിലെത്തിച്ച സ്പിന്നര്‍ മിച്ചല്‍ സാന്‍റ്നറെ പരുക്കുകാരണം ഒഴിവാക്കി. ഇഷ് സോധിയാണ് പകരക്കാരന്‍. ടിം സൗത്തിക്ക് പകരം പരുക്കുഭേദമായ മാറ്റ് ഹെന്‍റി ടീമില്‍ തിരിച്ചെത്തുകയും ചെയ്തു. അഭിമാനം കാക്കാനുള്ള പോരാട്ടത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. വൈറല്‍ പനി പൂര്‍ണമായി മാറാത്തതിനാല്‍ ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തി. പുനെയില്‍ സ്പിന്‍ നേരിടുന്നതില്‍ പരാജയപ്പെട്ട കെ.എല്‍.രാഹുലിന് മൂന്നാംടെസ്റ്റിലും പുറത്തിരിക്കാനാണ് യോഗം. പരമ്പരയില്‍ വൈറ്റ് വാഷ് ഒഴിവാക്കാനും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയന്‍റ് നിലയില്‍ പിന്നിലാകാതിരിക്കാനുമുള്ള ജീവന്മരണ പോരാട്ടമാണ് ഇന്ത്യയ്ക്ക് വാങ്കഡെയില്‍.