ഇന്ത്യ–ന്യൂസീലാന്‍ഡ് ടെസ്റ്റ് പരമ്പരയിലെ അവസാനമല്‍സരം അത്യന്തം ആവേശകരമായ നിലയില്‍. ആദ്യ രണ്ട് ടെസ്റ്റുകളിലെ പാളിച്ചകള്‍ ആവര്‍ത്തിച്ചില്ലെങ്കില്‍ മുംബൈയില്‍ ഇന്ത്യയ്ക്ക് ആശ്വാസജയം സ്വന്തമാക്കാം. ഒന്നാമിന്നിങ്സില്‍ 28 റണ്‍സിന്‍റെ ലീഡ് നേടിയ ഇന്ത്യ രണ്ടാംദിവസം കളി നിര്‍ത്തുമ്പോള്‍ ന്യൂസീലാന്‍ഡിന്‍റെ രണ്ടാമിന്നിങ്സും എറെക്കുറെ അവസാനിപ്പിച്ചുകഴിഞ്ഞു. 9 വിക്കറ്റിന് 171 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍ ഇപ്പോള്‍.
മല്‍സരത്തില്‍ ന്യൂസീലാന്‍ഡിന് ആകെ 143 റണ്‍സിന്‍റെ ലീഡുണ്ട്. സ്പിന്നര്‍ അജാസ് പട്ടേലാണ് ക്രീസില്‍. പേസര്‍ വില്യം ഒറോര്‍ക് മാത്രമേ ഇനി ബാറ്റിങ്ങിനിറങ്ങാനുള്ളു. ആദ്യ ഇന്നിങ്സിലേതിനെക്കാള്‍ ഫലപ്രദമായി രണ്ടാമിന്നിങ്സില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കിവീസിനെ വരിഞ്ഞുമുറുക്കി. നാലുവിക്കറ്റെടുത്ത രവീന്ദ്ര ജഡേജയ്ക്ക് മല്‍സരത്തിലാകെ 9 വിക്കറ്റായി. അശ്വിന്‍ മുന്നും വാഷിങ്ടണ്‍ സുന്ദര്‍ ഒന്നും വിക്കറ്റ് വീഴ്ത്തി.
51 റണ്‍സെടുത്ത വില്‍ യങ്ങാണ് ന്യൂസീലാന്‍ഡ് ഇന്നിങ്സിന് അല്‍പമെങ്കിലും ബലം നല്‍കിയത്. ഗ്ലെന്‍ ഫിലിപ്സ് ഇരുപത്താറും ഓപ്പണര്‍ ഡെവണ്‍ കോണ്‍വേ ഇരുപത്തിരണ്ടും റണ്‍സെടുത്തു. ഡാരില്‍ മിച്ചല്‍ 21 റണ്‍സ് നേടി. 4 ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.
നാലുവിക്കറ്റിന് 86 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയെ ഗില്‍–പന്ത് സഖ്യമാണ് പൊരുതാവുന്ന സ്കോറില്‍ എത്തിച്ചത്. അഞ്ചാംവിക്കറ്റില്‍ ഇരുവരും 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സ്കോര്‍ 180ല്‍ നില്‍ക്കേ പന്ത് ഇഷ് സോധിയുടെ ബോളില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്നുവന്ന ജഡേജ 14 റണ്ണെടുത്തും സര്‍ഫറാസ് റണ്ണൊന്നുമെടുക്കാതെയും പുറത്തായി.
ഇന്നിങ്സ് ലീഡ് അകലെയെന്ന് തോന്നിച്ച നിമിഷങ്ങളിലാണ് വാഷിങ്ടണ്‍ സുന്ദര്‍ ശുഭ്മന്‍ ഗില്ലിനൊപ്പമെത്തിയത്. ആക്രമണോല്‍സുകമായി ബാറ്റ് ചെയ്ത സുന്ദര്‍ വെറും 36 പന്തില്‍ 38 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 90 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍ പട്ടേലിന്‍റെ പന്തില്‍ മിച്ചലിന് ക്യാച്ച് നല്‍കി മടങ്ങി. 146 പന്തില്‍ 7 ഫോറും ഒരു സിക്സും ഉള്‍പ്പെട്ടതായിരുന്നു ഗില്ലിന്‍റെ ഇന്നിങ്സ്. ഗില്‍ പുറത്തായശേഷം ആര്‍.അശ്വിനൊപ്പം 20 റണ്‍സും ആകാശ് ദീപിനെ സാക്ഷിയാക്കി 16 റണ്‍സും നേടിയാണ് സുന്ദര്‍ ഇന്ത്യയ്ക്ക് ആശ്വാസ ലീഡ് സമ്മാനിച്ചത്.