ശുഭ്മന്‍ ഗില്ലിന്‍റെയും ഋഷഭ് പന്തിന്‍റെയും വാഷിങ്ടണ്‍ സുന്ദറിന്‍റെയും ബാറ്റിങ് മികവില്‍ ന്യൂസീലാന്‍ഡിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 28 റണ്‍സിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്. നാലുവിക്കറ്റിന് 86 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയെ ഗില്‍–പന്ത് സഖ്യമാണ് പൊരുതാവുന്ന സ്കോറില്‍ എത്തിച്ചത്. അഞ്ചാംവിക്കറ്റില്‍ ഇരുവരും 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സ്കോര്‍ 180ല്‍ നില്‍ക്കേ പന്ത് ഇഷ് സോധിയുടെ ബോളില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്നുവന്ന ജഡേജ 14 റണ്ണെടുത്തും സര്‍ഫറാസ് റണ്ണൊന്നുമെടുക്കാതെയും പുറത്തായി.
ഇന്നിങ്സ് ലീഡ് അകലെയെന്ന് തോന്നിച്ച നിമിഷങ്ങളിലാണ് വാഷിങ്ടണ്‍ സുന്ദര്‍ ശുഭ്മന്‍ ഗില്ലിനൊപ്പമെത്തിയത്. ആക്രമണോല്‍സുകമായി ബാറ്റ് ചെയ്ത സുന്ദര്‍ വെറും 36 പന്തില്‍ 38 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 90 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍ പട്ടേലിന്‍റെ പന്തില്‍ മിച്ചലിന് ക്യാച്ച് നല്‍കി മടങ്ങി. 146 പന്തില്‍ 7 ഫോറും ഒരു സിക്സും ഉള്‍പ്പെട്ടതായിരുന്നു ഗില്ലിന്‍റെ ഇന്നിങ്സ്. ഗില്‍ പുറത്തായശേഷം ആര്‍.അശ്വിനൊപ്പം 20 റണ്‍സും ആകാശ് ദീപിനെ സാക്ഷിയാക്കി 16 റണ്‍സും നേടിയാണ് സുന്ദര്‍ ഇന്ത്യയ്ക്ക് ആശ്വാസ ലീഡ് സമ്മാനിച്ചത്.
കിവീസ് ഒന്നാമിന്നിങ്സില്‍ 235 റണ്‍സെടുത്തിരുന്നു. രണ്ടാമിന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് ആദ്യ ഓവറില്‍ത്തന്നെ ക്യാപ്റ്റന്‍ ടോം ലാഥമിനെ നഷ്ടമായി. ആകാശ്ദീപിന്‍റെ പന്തില്‍ ലാഥം ക്ലീന്‍ ബോള്‍ഡാകുകയായിരുന്നു.